അംഗങ്ങളുടെ വാഹനങ്ങളിൽ ബീക്കണ്‍ ലൈറ്റ് പുനഃസ്ഥാപിക്കണമെന്ന് പി.എസ്.സി

By Web DeskFirst Published Oct 31, 2017, 8:12 PM IST
Highlights

തിരുവനന്തപുരം: അംഗങ്ങളുടെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റ് പുനഃസ്ഥാപിക്കണമെന്ന് പി.എസ്.സി ആവശ്യപ്പെട്ടു. അതിനിടെ കൃത്യ നിർവഹണത്തിനിടെ കമ്മീഷൻ അംഗങ്ങളുടെ വാഹനം പാലിയേക്കര ടോള്‍ പ്ലാസയില്‍ തടഞ്ഞെന്ന പരാതിയില്‍ അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. തൃശൂർ  ക്രൈം റെക്കോർഡ്സ് ബ്യൂറോ ഉദ്യോഗസ്ഥർ പട്ടം പി.എസ്.സി ആസ്ഥാനത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

പാലിയേക്കര സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ബീക്കൺ ലൈറ്റിന് പുനഃസ്ഥാപിക്കാനുള്ള പി.എസ്.സിയുടെ നീക്കം. ഭരണഘടനാ സ്ഥാപനമായിട്ടും ബീക്കൺ ലൈറ്റ് ഇല്ലാത്തത് മൂലം ഔദ്യോഗിക യാത്രകൾക്ക് തടസ്സമുണ്ടാകുന്നുവെന്നാണ് അംഗങ്ങളുടെ പരാതി. തൃശൂരിൽ അഭിമുഖത്തിന് പോയ അംഗങ്ങളെ പാലിയേക്കര ടോൾ പ്ലാസയിൽ ഒന്നര മണിക്കൂറുകളോളം തടഞ്ഞത് വിവാദമായിരുന്നു. ടോൾ നൽകുന്നതിനെ ചൊല്ലിയായിരുന്നു അന്നത്തെ തർക്കം. കമ്മീഷൻ അംഗങ്ങളായ സിമി റോസ് ബെൽ ജോണും കെ.പി സജീലാലും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ടോൾ പ്ലാസ ജീവനക്കാർക്കെതിരെ പൊലീസിന് പരാതി നൽകിയിരുന്നു. 

പരാതി നൽകിയ അംഗങ്ങളോട് സ്റ്റേഷനിലെത്തി മൊഴി നൽകാൻ പുതുക്കാട് എസ്.ഐ ഫോണിലൂടെ ആവശ്യപ്പെട്ടതും വിവാദമായിരുന്നു.  ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് കാണിച്ച് പി.എസ്.സി സെക്രട്ടറി ഡി.ജി.പിക്ക് കത്ത് നൽകിയതോടെയാണ് മൊഴി രേഖപ്പെടുത്താൻ പൊലീസ് പി.എസ്.സി  ആസ്ഥാനത്തെത്തിയത്. ബീക്കൺ ലൈറ്റ് അനുവദിക്കാൻ മോട്ടോര്‍ വാഹന വകുപ്പിനോട്  കമ്മീഷൻ രേഖാമൂലം ആവശ്യപ്പെട്ടു.

click me!