
ബഹിരാകാശത്ത് ഇന്ത്യയുടെ കണ്ണെന്ന് അറിയപ്പെടുന്ന കാർട്ടോസാറ്റ് രണ്ട് ഉൾപ്പടെ 31 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ പിഎസ്എൽവി സി 38 വിക്ഷേപിച്ചു. അമേരിക്കയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ള 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സർവകലാശാലയിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹവും പിഎസ്എൽവിയിലുണ്ട്. കാർട്ടോസാറ്റിന്‍റെ വിക്ഷേപണത്തോടെ പ്രതിരോധരംഗത്ത് ഇന്ത്യയ്ക്ക് വൻനേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യ- -പാക് അതിർത്തിയിലെ സർജിക്കൽ സ്ട്രൈക്കിന് സൈന്യത്തിനൊപ്പം കണ്ണായി ഉണ്ടായിരുന്ന ഉപഗ്രഹങ്ങളാണ് കാർട്ടോസാറ്റ് - രണ്ടിന്‍റെ രണ്ട് മുൻഗാമികളും. അതിർത്തിയിലെ പാക് ക്യാമ്പുകളുടെ വിവരങ്ങളും സൈനികനീക്കവും അപ്പപ്പോൾ അറിയാനും ഇന്ത്യൻ സൈന്യത്തിന്‍റെ നീക്കങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനും പ്രതിരോധമന്ത്രാലയത്തെ സഹായിച്ച ഉപഗ്രഹശ്രേണിയിലെ മൂന്നാമനാണ് ഇപ്പോൾ പിഎസ്എൽവിയിൽ ബഹിരാകാശത്തെത്തിയിരിക്കുന്നത്. ഹൈ റെസല്യൂഷൻ സ്പോട്ട് ഇമേജറി ലക്ഷ്യമിട്ടുള്ളതാണ് കാർട്ടോസാറ്റ് പരമ്പരയിലെ ഉപഗ്രഹങ്ങളെല്ലാം. അതായത് 0.6 മീറ്റർ റെസല്യൂഷനിലുള്ള ചിത്രങ്ങൾ വരെ പകർത്താൻ കഴിവുള്ള കാർട്ടോസാറ്റ് രണ്ട് വഴി ഏറ്റവും ചെറിയ വസ്തുക്കൾ വരെ നിരീക്ഷിക്കാൻ സൈന്യത്തിനാകും. ബഹിരാകാശവിക്ഷേപണരംഗത്ത് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണവാഹനമായ പിഎസ്എൽവി സി 38ൽ കാർട്ടോസാറ്റിന് പുറമേ അമേരിക്കയുൾപ്പടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ള 29 നാനോ ഉപഗ്രഹങ്ങളാണുള്ളത്. കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികൾ ഡിസൈൻ ചെയ്ത നാനോ ഉപഗ്രഹവും ഇക്കൂട്ടത്തിലുണ്ട്. പിഎസ്എൽവിയുടെ നാൽപ്പതാമത് വിക്ഷേപണമാണിത്. വൻഭാരമുള്ള എക്സ് എൽ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള പതിനേഴാമത് വിക്ഷേപണവും. 31 ഉപഗ്രഹങ്ങളുടെയും ആകെ ഭാരം 955 കിലോ ആണ്. പ്രതിരോധനിരീക്ഷണരംഗത്തെ കുതിച്ചുചാട്ടത്തിനൊപ്പം വിദേശഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കുക വഴി വൻ സാമ്പത്തികലാഭവും ഐഎസ്ആർഒ സ്വന്തമാക്കുന്നു. മികച്ച നേട്ടം സ്വന്തമാക്കിയ ഐഎസ്ആർഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam