
പുൽവാമ: പുൽവാമ ഭീകരാക്രമണത്തിൽ മരണം നാൽപ്പതിലേറെ ആയി. ഉറിയിൽ ഉണ്ടായതിനേക്കാൾ വലിയ ഭീകരാക്രമണമാണ് പുൽവാമയിൽ നടന്നത്. റോഡ്സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (IED) ഭീകരർ ഉപയോഗിച്ചതെന്ന് ദേശീയ മാധ്യമായ ദി ക്വിൻറ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൻറെ തെളിവുകൾ ശേഖരിക്കാൻ ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘം പുൽവാമയിലേക്ക് തിരിച്ചിട്ടുണ്ട്. നാൽപ്പത്തിനാല് സൈനികർ ആക്രമണത്തിൽ ജീവത്യാഗം ചെയ്തുവെന്നാണ് ഒടുവിൽ കിട്ടിയ വിവരം. സിആർപിഎഫ് മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കാർ ബോംബ് ആക്രമണങ്ങൾ നടത്താൻ ഇറാക്കിലും അഫ്ഗാനിലുമെല്ലാം തീവ്രവാദികൾ ഉപയോഗിക്കുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് പുൽവാമ ഭീകരാക്രമണത്തിന് ജെയ്ഷെ മുഹമ്മദ് ഭീകരൻ അദിൽ അഹമ്മദ് ധർ ഉപയോഗിച്ചത്. ഭീകരരും ഗറില്ലാ ഗ്രൂപ്പുകളുമാണ് അത്യന്തം അപകടകരമായ ഇത്തരം സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത്. സൈന്യം ഉപയോഗിക്കുന്ന തരം ആർട്ടിലറി ഷെല്ലുകളിലോ മറ്റ് തരം ബോംബുകളിലോ സ്ഫോടകവസ്തുക്കളിലോ ഡിറ്റണേറ്റർ ഘടിപ്പിച്ചാണ് ഭീകരർ IED തയ്യാറാക്കുന്നത്.
വാഹനം ഇടിക്കുന്നതിൻറെ ആഘാതത്തിൽ ഡിറ്റണേറ്റർ പ്രവർത്തിച്ച് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കും. വലിയ അളവിൽ സ്ഫോടകവസ്തുക്കൾ കൂടി ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിറയ്ക്കുക കൂടി ചെയ്യുന്നതോടെ IEDയുടെ ആഘാതശേഷി കൂടുതൽ ഭീകരമാകും. ഒരുപക്ഷേ ലക്ഷ്യം കാണുന്നതിന് മുമ്പ് പൊട്ടിത്തെറിച്ചെന്നും വരാം. റോഡ്സൈഡ് ബോംബുകൾ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ജെയ്ഷെ ഭീകരൻ അദിൽ അഹമ്മദ് ധർ പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്കോർപിയോ കാറിൽ ഇരുനൂറ് കിലോഗ്രാമിലേറെ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നതായാണ് വിവരം.
ഇറാഖിലെ സുന്നി, ഷിയാ സംഘർഷത്തിലും രണ്ടാം ഇറാഖ് യുദ്ധത്തിൽ അമേരിക്കൻ സേനക്കെതിരെയും ഏറ്റവും കൂടുതൽ പ്രയോഗിച്ചത് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകളായിരുന്നു. ഇറാഖ് യുദ്ധത്തിലെ മരണസംഖ്യയുടെ 63 ശതമാനവും അഫ്ഗാൻ യുദ്ധത്തിലെ മരണസംഖ്യയുടെ 66 ശതമാനവും IED സ്ഫോടനങ്ങളിൽ ആയിരുന്നുവെന്നാണ് കണക്ക്. ശ്രീലങ്കയിൽ തമിഴ് പുലികളും സൈന്യത്തെ ആക്രമിക്കാൻ IED വ്യാപകമായി ഉപയോഗിച്ചിരുന്നു.
(വാർത്തയ്ക്കൊപ്പമുള്ളത് IEDയുടെ ഫയൽ ചിത്രമാണ്.)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam