
ഇടുക്കി: സർക്കാരിന്‍റെ സാലറി ചലഞ്ചിന് വിസമ്മതിച്ച ഇടുക്കിയിലെ പൊലീസുകാരെ സ്ഥലംമാറ്റിയും അധിക ജോലിയെടുപ്പിച്ചും പീഡിപ്പിക്കുന്നെന്ന് ആരോപണം. സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണതോടെ പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.
സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത ഇടുക്കിയിലെ അറുപതോളം പൊലീസുകാർക്ക് ഒരാഴ്ചയായി നീലക്കുറിഞ്ഞി പൂത്ത മൂന്നാറിലെ രാജമലയിലാണ് ഡ്യൂട്ടി. വിദൂര സ്ഥലങ്ങളായ വാഗമൺ, കുമളി, മുരിക്കാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വനിതകളടക്കമുള്ള പൊലീസുകാരെയാണ് രാജമലയിൽ നിയോഗിച്ചിരിക്കുന്നത്.
ഇവിടെ ഡ്യൂട്ടി സമയം രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെയാണെന്നും ആഴ്ചയിലൊരിക്കൽ പോലും അവധി നൽകുന്നില്ലെന്നും പൊലീസുകാർ പറയുന്നു. ഇതിനിടെയാണ് പഴയ മൂന്നാറിലെ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സിന്ധു കുഴഞ്ഞ് വീണത്.
പനി കൂടിയതിനെ തുടർന്ന് സിന്ധു അധിയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ സഞ്ചാരികളുടെ തിരക്ക് കൂടുതലാണെന്ന് പറഞ്ഞ് അവധി നിഷേധിച്ചു. സിന്ധു സാലറി ചലഞ്ചിൽ പങ്കെടുത്തിരുന്നില്ല. പ്രസവാവധിക്ക് ശേഷം സിന്ധു ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചിട്ട് അധികമായില്ല.
പൊലീസുകാർക്കിടയിൽ ഡ്യൂട്ടി മാറാൻ ആളില്ലാത്തതിനാൽ കുഴഞ്ഞ് വീണ സിന്ധുവിനെ വനപാലകരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും നീലക്കുറിഞ്ഞി സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് അധികമായി പൊലീസുകാരെ നിയമിച്ചെന്നും ജില്ലയിലെ ഉന്നതോദ്യോഗസ്ഥർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam