പരിസ്ഥിതി ലോല പ്രദേശത്ത് നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇടത് എം.എല്‍.എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക്

Published : Aug 15, 2017, 12:27 PM ISTUpdated : Oct 05, 2018, 04:00 AM IST
പരിസ്ഥിതി ലോല പ്രദേശത്ത് നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇടത് എം.എല്‍.എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക്

Synopsis

തോമസ് ചാണ്ടിക്ക് പിന്നാലെ നിലമ്പൂരിലെ ഇടത് എം.എല്‍.എ പി.വി അന്‍വറിന്റെ നിയമ ലംഘനവും സര്‍ക്കാരിന് തലവേദനയാകുന്നു.  പരിസ്ഥിതിലോല പ്രദേശമായ കോഴിക്കോട്ടെ കക്കാടംപൊയിലില്‍ വാട്ടര്‍ തീം പാര്‍ക്ക് എം.എല്‍.എ യാഥാര്‍ത്ഥ്യമാക്കിയത് സാധാരണ പാര്‍ക്കെന്ന് തെറ്റിദ്ധരിപ്പിച്ചാണ്. നിയമ ലംഘനങ്ങള്‍ ബോധ്യപ്പെട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എം.എല്‍.എയുടെ ബിസിനസിന് കുടപിടിക്കുന്നു. പഞ്ചായത്ത് അധികൃതരും നിയമലംഘനത്തിന് കൂട്ടു നിന്നെന്ന് വ്യക്തം. 

സമുദ്രനിരപ്പില്‍ നിന്നും  2800 അടി ഉയരത്തില്‍, മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയിലാണ് കക്കാടംപൊയില്‍ എന്ന ഗ്രാമം. 2015ലാണ് പി.വി.ആര്‍ എന്റര്‍ടെയ്ന്‍മെന്റ്സിനു വേണ്ടി  പി.വി അന്‍വര്‍ എം.എല്‍.എ ഏക്കര്‍ കണക്കിന് ഭൂമി ഇവിടെ വാങ്ങിക്കൂട്ടന്നത്. 12 ഏക്കറിലുള്ള രണ്ട് മലകള്‍ ഇടിച്ച് നിര്‍മ്മാണപ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. 2016ല്‍ കൂടരഞ്ഞി പ‍ഞ്ചായത്തില്‍ എം.എല്‍.എ നല്‍കിയ അപേക്ഷ മുതല്‍ വെട്ടിപ്പുകള്‍ തുടങ്ങുകയാണ്. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനായി തുടങ്ങുന്ന സാധാരണ പാര്‍ക്കിന് അനുമതി വേണമെന്നായിരുന്നു ആവശ്യം. ഒരേ സ്ഥാപനത്തിന് ലൈസന്‍സ് നേടുന്നതിനും പുതുക്കുന്നതിനും നല്‍കിയ അപക്ഷകളില്‍ എം.എല്‍.എ വ്യത്യസ്ത മേല്‍വിലാസങ്ങളാണ് നല്‍കിയത്. 

നിര്‍മ്മാണ പ്രവൃത്തി നടക്കുന്നത് എവിടെയാണെന്നോ, സ്ഥലത്തിന്റെ മറ്റ് വിവരങ്ങളോ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നില്ല. പക്ഷേ 2016ല്‍ പ്രവര്‍ത്തനം തുടങ്ങിയത് രണ്ട് ലക്ഷത്തിലേറെ ലിറ്റര്‍ വെള്ളം സംഭരിക്കുന്ന, ഒന്നിലേറെ സുരക്ഷാ ഏജന്‍സികളുടെ അനുമതി ആവശ്യമുള്ള വാട്ടര്‍തീം പാര്‍ക്കായിരുന്നു. പരാതി ഉയര്‍ന്ന ഒരു ഘട്ടത്തില്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യാതൊരു സംവിധാനങ്ങളും പാര്‍ക്കിലില്ലെന്നും എം.എല്‍.എ പഞ്ചായത്തിനെ ധരിപ്പിച്ചു. എംഎല്‍എയുടെ ഒപ്പോടുകൂടിയ കത്ത് പക്ഷേ പരിശോധന പോലും നടത്താതെ പഞ്ചായത്ത് അധികൃതര്‍ തൊണ്ട തൊടാതെ വിഴുങ്ങി. പാര്‍ക്കിന് അനുമതി നല്‍കിയ പഞ്ചായത്ത് സെക്രട്ടറിക്ക് ഇപ്പോള്‍ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല.

ഒരു സുരക്ഷാ ഏജന്‍സിയുടെയും മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് പാര്‍ക്ക് കെട്ടിപ്പൊക്കിയതെന്നും വ്യക്തം. ഏറെ അപകട സാധ്യതയുള്ള സ്ഥലത്തെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കോ, റൈഡുകള്‍ക്കോ ഫയര്‍ഫോഴ്സിന്റെ അനുമതി തേടിയിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലൂടെ എത്തേണ്ട ഇത്തരത്തിലൊരു അപേക്ഷ കണ്ടിട്ടേയില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്സ് മേധാവി തന്നെ സാക്ഷ്യപ്പെടുത്തുന്നു. യാതൊരു പരിസ്ഥിതി  ആഘാതപഠനവും നടത്താതെയാണ് സമുദ്രനിരപ്പില്‍ നിന്ന് ഇത്രയും ഉയരുമുള്ള സ്ഥലത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് നല്‍കിയ വിവരാവകാശ രേഖയില്‍ ഇത്തരമൊരു പഠനം നടന്നിട്ടെന്നും  പ്രവൃത്തി തുടങ്ങുന്ന സമയം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഇല്ലായിരുന്നുവെന്നും വ്യക്തമാകുന്നു. നിയമ ലംഘനങ്ങള്‍ ഇങ്ങനെ എണ്ണമിടാന്‍ കഴിയുമ്പോള്‍ സ്വാധീനത്തിന്റെ മറവില്‍ എല്ലായിടത്തും തടസങ്ങള്‍ ഒഴിവാക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. എം.എല‍്‍.എഎയുടെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല വിമാനത്താവളം വിജ്ഞാപനം റദ്ദാക്കി,2570 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല ,പുതിയ പഠനം നടത്തണം
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം