
കൂടരഞ്ഞി: പിവി അൻവർ എം.എൽ.എയുടെ പാർക്കിനെ കോൺഗ്രസ്സ് പ്രാദേശിക നേതൃത്വം പിൻതുണച്ചതോടെ ജില്ലാ നേതൃത്വം പ്രതിരോധത്തിലായി. വിഷയം ഏറ്റെടുത്ത് എല്‍ഡിഎഫിനെതിരെ പ്രക്ഷോഭം ആരംഭിക്കാൻ ജില്ലാ കോൺഗ്രസ്സ് നേതൃത്വം തയ്യാറെടുക്കുന്നതിനിടെയാണ് പഞ്ചായത്ത് ഭരണസമിതിയിൽ അംഗങ്ങള്‍ മലക്കം മറിഞ്ഞത്. അതിനിടെ പാർക്കിനെ പിന്തുണച്ച് സമരം നടത്തിയത് എം.എൽ.എയുടെ പണം നൽകി എത്തിച്ച ആളുകളാണെന്ന ആരോപണം ഉയർന്നു
പിവി അൻവർ എം.എൽഎയുടെ നിയമ ലംഘനങ്ങൾക്ക് ആദ്യം നിയമസഭയിൽ പ്രതിഷേധിച്ചത് കോൺഗ്രസ്സ് എം.എൽഎ വിടി ബൽറാമായിരുന്നു. തൊട്ട് പിന്നാലെ സമരവുമായി യൂത്ത് കോൺഗ്രസ്സും രഗത്തെത്തി. പ്രതിഷേധിച്ചവരോട് യു.ഡിഎഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കിയത്. ബോർഡ് യോഗം ചേർന്ന് പഞ്ചായത്ത് നൽകിയ അനുമതി റദ്ദാക്കുമെന്ന്.
എന്നാൽ ഒറ്റ ദിവസം കൊണ്ട് പ്രാദേശിക കോൺഗ്രസ്സ് നേതൃത്വം മലക്കം മറിഞ്ഞു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രേഖകൾ പരിശോധിച്ച് തീരുമാനമെടുത്താൻ മതിയെന്ന് പറഞ്ഞ് തലയൂരിയപ്പോൾ പഞ്ചായത്ത് അംഗങ്ങള്‍ ഏക സ്വരത്തിൽ അനുമതി റദ്ദാക്കേണ്ടന്ന തീരുമാനത്തെ പിൻതുണച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി റദ്ദാക്കിയെന്ന തീരുമാനമാകട്ടെ അറിഞ്ഞില്ലെന്ന മുടന്തൻ ന്യായമാണ് പ്രസിഡന്‍റേത്.
അതേ സമയം ജില്ലാ കോൺഗ്രസ്സ് നേതൃത്വം പാർക്കിനെതിരെയുള്ള സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുന്നു. യൂത്ത് കോൺഗ്രസ്സും നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. എം.എൽ.എയെ പിന്തുണച്ച് പാർക്ക് സംരക്ഷണ സമിതിയുടെ പേരിൽ എത്തിയവർ പണം നൽകി എത്തിച്ചവരാണെന്ന ആരോപണം യൂത്ത് കോൺഗ്രസ്സ് ഉയർത്തുന്നു. പഞ്ചായത്ത് ഭരണ സമിതി യോഗ സമയത്ത് സംഘടിതരായി വന്ന് , മാധ്യമങ്ങളെ അസഭ്യവർഷം നടത്തിയ സംഘത്തോട് എം.എൽ.എ സംസാരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam