പൊതുമരാമത്ത് വകുപ്പിലെ അഴിമതി, മുന്‍ മന്ത്രിമാര്‍ക്ക് പങ്ക് ; റിപ്പോര്‍ട്ട് സഭയില്‍

By Web DeskFirst Published Sep 29, 2016, 8:23 AM IST
Highlights

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട അഴിമതികളിൽ രണ്ട് മുന്‍ മന്ത്രിമാർക്ക് പങ്കുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട്. മുന്‍ പൊതുമരാമത്ത് ധന വകുപ്പ് മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥർക്കും അഴിമതിയിൽ പങ്കുണ്ടെന്ന റിപ്പോർട്ടാണ് മന്ത്രി ജി.സുധാകരൻ സഭയുടെ മേശപ്പുറത്ത് വച്ചത്.പദ്ധതി അനുബന്ധ ജോലികളുടെ പേരിൽ 300 ശതമാനം വരെ തുക വർധിപ്പിച്ചു നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥ നിയമനത്തിലടക്കം ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ലക്ഷങ്ങൾ കോഴ വാങ്ങന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മുന്‍ പൊതുമരാമത്ത് മന്ത്രി, ധനമന്ത്രി, ധന-പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. രാഷ്ട്രീയക്കാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയാണ് അഴിമതികള്‍ നടക്കുന്നത്. തുടക്കത്തില്‍ എസ്റ്റിമേറ്റ് തുകയേകക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത് കരാറില്‍ ഒപ്പിട്ടശേഷം അനുബന്ധജോലികളുടെ പേരില്‍ എസ്റ്റിമേറ്റ് തുക മാറ്റും. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് എസ്റ്റിമേറ്റ് മാറ്റി തയാറാക്കി നല്‍കുന്നത്. പുതുക്കിയ എസ്റ്റിമേറ്റിന് സര്‍ക്കാര്‍ അനുമതി വേണം. അതിനായി ധനപൊതുമരാമത്ത് സെക്രട്ടറിമാര്‍, ചീഫ് എന്‍ജിനിയര്‍, പൊതുമരാമത്ത് ധനവകുപ്പ് മന്ത്രിമാര്‍ എന്നിവരടങ്ങുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

100 മുതല്‍ 300 ശതമാനം വരെ കൂട്ടിയാണ് അനുബന്ധ ജോലികള്‍ക്കുള്ള തുക അനുവദിക്കുന്നത്. അസിസ്റ്റന്‍റ് എന്‍ജിനിയര്‍ മുതല്‍ ചീഫ് എന്‍ജിനിയര്‍ വരെയുള്ള വിവിധ പദവികള്‍ക്ക് ലക്ഷങ്ങള്‍ വാങ്ങുന്നു. 50 ലക്ഷം രൂപ വരെയാണ് ഈ ഇനത്തില്‍ കൈക്കൂലിയായി വാങ്ങുന്നത്. ഈ തുക കരാറുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്‍കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കരാറുകാര്‍ നല്‍കുന്ന ഈ പണം പദ്ധതികളിലെ അഴിമതികളിലൂടെ കാരാറുകാര്‍ തിരിച്ചുപിടിക്കും. മന്ത്രിമാര്‍ക്കെന്ന പേരില്‍ പൊതുമരാമത്ത് വകുപ്പില്‍ വ്യാപക പണപ്പിരിവ് നടന്നിട്ടുണ്ട്. ഓരോ  ഡിവിഷനില്‍ നിന്നും അഞ്ച് ലക്ഷം രൂപവരെയാണ് പിരിച്ചെടുത്തതെന്നും റിപ്പോര്‍ട്ട് പറയുന്നു. പാലക്കാട് ജില്ല സാംപിളായെടുത്താണ് ഫിറോസ് എം ഷഫീഖ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.

click me!