
ജിദ്ദ: ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് റ്റെല്ലേഴ്‌സണ്‍ ഉടന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും. ഉപാധികള്‍ തള്ളുകയും സമയപരിധി അവസാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തറിനെതിരെ എന്തു നടപടിയെടുക്കണമെന്നറിയാതെ ആശങ്കയിലായ സൗദി അനുകൂല രാജ്യങ്ങള്‍ക്ക് റ്റില്ലേഴ്‌സന്റെ സന്ദര്‍ശനം ആശ്വാസമാകുമെന്നാണ് സൂചന.
നീട്ടിനല്‍കിയ 48 മണിക്കൂര്‍ സമയപരിധിയും അവസാനിച്ചതോടെ ബുധനാഴ്ച ഖത്തറിനെതിരെ ഉപരോധ രാജ്യങ്ങള്‍ കടുത്ത നടപടികള്‍ സ്വീകരിച്ചേക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും കൈറോയില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പ്രത്യേക തീരുമാനമൊന്നുമെടുക്കാന്‍ കഴിയാതിരുന്നത് ഉപരോധ രാജ്യങ്ങളുടെ ആത്മവീര്യം കുറച്ചിട്ടുണ്ട്.എന്നാല്‍ യോഗതീരുമാനം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫോണ്‍ കോളാണ് കാര്യങ്ങള്‍ മാറ്റിമറിച്ചതെന്നാണ് സൂചന.
ഖത്തറിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്നും തീവ്രവാദത്തെ ഉയര്‍ത്തിക്കാട്ടി നിലപാടുകള്‍ കര്‍ക്കശമാക്കിയാല്‍ മതിയെന്നുമായിരുന്നു ട്രംപ് നല്‍കിയ അന്തിമ നിര്‍ദേശമെന്നാണ് അനൗദ്യോഗിക വിവരം. അതുകൊണ്ടു തന്നെ ഖത്തര്‍ തീവ്രവാദത്തെ സഹായിക്കുന്നു എന്ന നിലപാട് അവര്‍ത്തിക്കുകയല്ലാതെ വിഷയത്തില്‍ പുതുതായി ഒന്നും പറയാനില്ലാത്തത്തിന്റെ ആശയകുഴപ്പം വാര്‍ത്താസമ്മേളനത്തെ വലിച്ചു നീട്ടുന്ന തോന്നലാണുണ്ടാക്കിയത്. ഖത്തറിനെതിരെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ സൂക്ഷ്മമായി പഠിച്ചുവരികയാണെന്ന ബഹ്‌റൈന്‍ വിദേശ കാര്യമന്ത്രി ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫയുടെ പ്രസ്താവന ഇതിനുള്ള ഉദാഹരണമായി ലോകമാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഇതിനിടെ, അല്‍ ജസീറയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതിന് മുന്‍പ് സ്വന്തം നാട്ടില്‍ മാധ്യമ സ്വാതന്ത്രമുണ്ടോ എന്ന് സൗദി അന്വേഷിക്കണമെന്ന സുഡാനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിനെ ചൊടിപ്പിച്ചു. വിഷയത്തില്‍ അമേരിക്ക നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍ നിലകൊള്ളുകയെന്ന സൗദിയുടെയും യു എ ഇ യുടെയും വിദേശകാര്യ മന്ത്രിമാരുടെ പ്രസ്താവനകള്‍ കുവൈത്ത് ഇതുവരെ നടത്തിവന്ന മധ്യസ്ഥ ശ്രമങ്ങളെ കുറച്ചുകാണിക്കാനുള്ള ശ്രമമായി വിലയിരുത്തുന്നവരുമുണ്ട്.
ഉപരോധവുമായി ബന്ധപ്പെട്ട് തങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ കടുപ്പിക്കുകയോ മയപ്പെടുത്തുകയോ ചെയ്‌താല്‍ അന്താരാഷ്‌ട്ര സമൂഹത്തിനു മുന്നില്‍ തങ്ങളുടെ പ്രതിച്ഛായ തകരുമെന്ന ആശങ്കയും ഉപരോധ രാജ്യങ്ങള്‍ക്കുണ്ട്. ഈ ഘട്ടത്തില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ആര്‍ക്കും പോറലേല്‍ക്കാത്ത വിധത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള ഫോര്‍മുലയായിരിക്കും റെക്‌സ് റ്റില്ലേഴ്‌സന്റെ ഗള്‍ഫ് സന്ദര്‍ശനത്തിനിടെ അവതരിപ്പിക്കുകയെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
അതേസമയം,ട്രംപ് സര്‍ക്കാരിന്റെ ഏറ്റവും വലിയ അഗ്നി പരീക്ഷയെന്ന് ന്യൂയോര്‍ക് ടൈംസ് വിശേഷിപ്പിച്ച ഗള്‍ഫ് പ്രതിസന്ധി ഏതു വിധത്തിലായിരിക്കും റെക്‌സ് റ്റില്ലേഴ്‌സണ്‍ കൈകാര്യം ചെയ്യുക എന്നതിനെ ആശ്രയിച്ചായിരിക്കും നിലവിലെ ഗള്‍ഫ് പ്രതിസന്ധിയുടെ ഭാവി നിര്‍വചിക്കപ്പെടുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam