
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് റ്റില്ലേഴ്‌സന്‍ നടത്തി വന്ന ശ്രമങ്ങള്‍ ഫലം കണ്ടില്ല. സൗദി സഖ്യരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് റ്റില്ലേഴ്സന്‍ ഇന്ന് വീണ്ടും ദോഹയിലെത്തി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം രണ്ടു ദിവസം മുമ്പ് ഖത്തറിലെത്തിയ റെക്‌സ് റ്റില്ലേഴ്‌സന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനുള്ള ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ച ശേഷമാണ് കഴിഞ്ഞ ദിവസം സൗദിയിലേക്ക് തിരിച്ചത്.
സൗദി, യു.എ.ഇ,ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഖത്തറിനെതിരെയുള്ള നിലപാടില്‍ ഒരു മാറ്റവും വരുത്താന്‍ തയാറല്ലെന്ന് ഉപരോധ രാജ്യങ്ങള്‍ റ്റില്ലേഴ്‌സനെ അറിയിക്കുകയായിരുന്നു.
തങ്ങള്‍ മുന്നോട്ട് വച്ച പതിമൂന്നു നിബന്ധനകള്‍ ഖത്തര്‍ അംഗീകരിച്ചാല്‍ മാത്രമേ നിലവിലെ ഗള്‍ഫ് പ്രതിസന്ധിക്കു പരിഹാരം കാണാനാവൂ എന്നും അല്ലാതെയുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും ഉപരോധ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയെ ധരിപ്പിച്ചതായാണ് വിവരം. ഇതേത്തുടര്‍ന്ന് ദോഹയിലേക്ക് മടങ്ങിയ റ്റില്ലേഴ്‌സന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സന്ദര്‍ശിച്ച് ചര്‍ച്ചയുടെ വിശദാ0ശങ്ങള്‍ ധരിപ്പിക്കും.
അതെസമയം ഗള്‍ഫ് പ്രതിസന്ധിയില്‍ തുടക്കം മുതല്‍ ഖത്തറിനോട് മൃദു സമീപനം പുലര്‍ത്തുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി ചര്‍ച്ചകളില്‍ സഹകരിക്കേണ്ടതില്ലെന്ന മുന്‍ധാരണയാണ് ഉപരോധ രാഷ്ട്രങ്ങളുടെ കര്‍ക്കശ നിലപാടിന് കാരണമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക ഭീകരവാദത്തിനെതിരെ ഖത്തറുമായി കരാറില്‍ ഒപ്പുവെച്ച റ്റില്ലേഴ്സന്റെ നടപടിയില്‍ ഉപരോധ രാഷ്ട്രങ്ങള്‍ക്ക് അമര്‍ഷമുള്ളതായും സൂചനയുണ്ട്.
കരാര്‍ കേവലം ഔപചാരികത മാത്രമാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അത് യാതൊരു വിധത്തിലും സഹായിക്കില്ലെന്നും ഉപരോധ രാഷ്ട്രങ്ങള്‍ ഇന്നലെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു. താല്‍കാലിക പരിഹാരം കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്ന യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയും റ്റില്ലേഴ്‌സനെയാണ് ഉന്നം വെക്കുന്നത്.
എന്നാല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ജീസീസീ രാഷ്ട്രങ്ങള്‍ക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കണമെന്നാഗ്രഹിക്കുന്ന റ്റില്ലേഴ്സണ്‍ മേഖലയിലെ ഇറാനടക്കമുള്ള ശക്തികള്‍ വിഷയത്തില്‍ ഇടപെടുന്നത് ഗള്‍ഫിലെ തങ്ങളുടെ സ്വാധീനത്തിനു പ്രഹരമേല്‍പിക്കുമെന്നും കണക്കുകൂട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam