
ദോഹ: ഖത്തറില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ വഴി പോകുന്ന വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് ടിക്കറ്റെടുത്തവര്‍ക്ക് പകരം യാത്രാ സൗകര്യമൊരുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നു. ഖത്തറിനെതിരെയുള്ള ഉപരോധത്തെ തുടര്‍ന്ന് ഏതാനും വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നടപടി.
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ വേനലവധി പ്രമാണിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ ഖത്തറിനെതിരെ ചില ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പെടുത്തിയ നയതന്ത്ര ഉപരോധമാണ് യാത്രക്കാരെ വെട്ടിലാക്കിയത്. സര്‍വീസ് റദ്ദാക്കിയ വിമാനക്കമ്പനികള്‍ ടിക്കറ്റ് തുക മടക്കി നല്‍കുന്നുണ്ടെങ്കിലും പകരം മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ഭാരിച്ച തുകയാണ് ഈടാക്കുന്നത്. ഈ സാഹചര്യം മനസിലാക്കി കൂടുതല്‍ ചാര്‍ജ് ഈടാക്കാതെ പകരം സംവിധാനം ഏര്‍പ്പെടുത്താനാണ് വിദേശ കാര്യ മന്ത്രാലയം ആലോചിക്കുന്നത്.
ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകളില്‍ ബാക്കിയുള്ള നാല്‍പതു ശതമാനം സീറ്റ് അലോട്മെന്റ് ഇതിനായി നീക്കിവെച്ചാല്‍ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാനാവും. ഇതിന്റെ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് മറ്റു വിമാനങ്ങളില്‍ ടിക്കറ്റെടുത്തു കാന്‍സല്‍ ചെയ്തവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചു കൈമാറാന്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഖത്തറിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടതായാണ് വിവരം.
ഇതിനിടെ ഖത്തറിലെ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി നോര്‍ക മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നോര്‍ക റൂട്സ് ഡയറക്‌ടര്‍ സി.വി റപ്പായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര പ്രതിസന്ധി ഒരു തരത്തിലും ജനജീവിതത്തെ ബാധിച്ചിട്ടില്ലെന്നും നാട്ടിലെ ബന്ധുക്കള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും നോര്‍ക്ക ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam