
ദോഹ: ഖത്തറില്‍ ഈയിടെ നടപ്പിലാക്കിയ വേതന സുരക്ഷാ നിയമത്തില്‍ ഗാര്‍ഹിക തൊഴിലാളികളെയും ഉള്‍പെടുത്തി. ആയമാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കും. നിലവിലുള്ള തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ഗാര്‍ഹിക ജീവനക്കാര്‍ ഉള്‍പെടാത്ത സാഹചര്യത്തില്‍ തൊഴിലുടമകള്‍ വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതായി നിരവധി പരാതികള്‍ മന്ത്രാലയത്തില്‍ ലഭിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് വേതന സംരക്ഷണം ഉള്‍പ്പെടെയുള്ള തൊഴില്‍ നിയമ ഭേദഗതിയില്‍ ഗാര്‍ഹിക തൊഴിലാളികളെയും ഉള്‍പ്പെടുത്തിയത്.
തൊഴിലാളികളുടെ വേതനം നിശ്ചിത തിയതിക്കുള്ളില്‍ ബാങ്ക് അകൗണ്ട് വഴി നല്‍കിയിരിക്കണമെന്ന വ്യവസ്ഥയാണ് ഇതില്‍ പ്രധാനം. ഗാര്‍ഹിക തൊഴിലാളികളുടെ തൊഴിലുടമയുമായുള്ള കരാര്‍ അഞ്ചു വര്‍ഷമായി നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശമ്പളം കൈപറ്റിയതിന്റെ തൊഴിലുടമ കൂടി ഒപ്പിട്ട രസീതിയും വീട്ടുജോലിക്കാര്‍ക്ക് നല്‍കിയിരിക്കണമെന്നാണ് വ്യവസ്ഥ. വേതനം നല്‍കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായാല്‍ തൊഴിലാളിക്ക് പരാതിയുമായി അധികൃതരെ സമീപിക്കാം.
ജോലിയെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍, ജോലി സമയം, എന്നിവ കാലേക്കൂട്ടി ജോലിക്കാരെ ധരിപ്പിച്ചിരിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു..ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ ജോലിക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍, വാര്‍ഷിക അവധി, വിമാന ടിക്കറ്റ് തുടങ്ങിയ കാര്യങ്ങളില്‍ കൂടി കൃത്യമായ വ്യവസ്ഥകള്‍ ഉറപ്പു വരുത്തുന്നതാണ് ഭേദഗതി.
ഗാര്‍ഹിക ജോലിക്കാരെ നിയമിക്കുമ്പോള്‍ അധികൃതരില്‍ നിന്നുള്ള മതിയായ രേഖകള്‍ ഉണ്ടോ എന്ന് തൊഴിലുടമ ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ റിക്രൂട്ടിങ് ഏജന്‍സികളെ നിയന്ത്രിക്കാനുള്ള നടപടികളും മന്ത്രിസഭ പരിഗണിച്ചു വരികയാണ്.വീട്ടു ജോലിക്കാരെ നിയമിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന അവ്യക്തതകള്‍ പരിഹരിക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രി സഭ വിലയിരുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam