ഖത്തറില്‍ സ്‌കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം

Web Desk |  
Published : Jan 16, 2017, 06:58 PM ISTUpdated : Oct 04, 2018, 04:56 PM IST
ഖത്തറില്‍ സ്‌കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം

Synopsis

ദോഹ: ഖത്തറില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്  സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വീണ്ടും രംഗത്തെത്തി. 120 ഓളം സ്‌കൂള്‍ അധികൃതര്‍ ഫീസ് വര്‍ധനവാവശ്യപ്പെട്ടു തങ്ങളെ സമീപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം,വിദ്യാഭ്യാസ നിലവാരം എന്നീ കാര്യങ്ങളില്‍ മന്ത്രാലയത്തിന്റെ കര്‍ശന വ്യവസ്ഥകള്‍ നിലവിലിരിക്കെ വര്‍ധിച്ചു വരുന്ന സാമ്പത്തിക ബാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ദ്ധനവ് ആവശ്യപ്പെടുന്നത്. എന്നാല്‍ എല്ലാ സ്‌കൂളുകളെയും ഒരേ മാനദണ്ഡം വെച്ചു പരിഗണിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മന്ത്രാലയത്തിനുള്ളത്. സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെ അടിസ്ഥാനമാക്കി രാജ്യത്തെ സ്വകാര്യ സ്‌കൂളുകളെ മൂന്നോളം വിഭാഗങ്ങളാക്കി തിരിക്കുന്ന കാര്യം മന്ത്രാലയം പരിഗണിച്ചു വരികയാണ്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തണമെങ്കില്‍ ഫീസ് വര്‍ധിപ്പിക്കാതെ കഴിയില്ലെന്ന നിലപാടാണ് മാനേജ്മെന്റുകള്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ വരുമാനം ഉള്‍പെടെയുള്ള നിരവധി കാര്യങ്ങള്‍ പരിഗണിച്ചു മാത്രമേ ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ അനുമതി കൂടാതെ യാതൊരു വിധത്തിലുള്ള ഫീസ് വര്‍ധനവും നടപ്പാക്കരുതെന്നും മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് വ്യക്തമാകുന്ന തരത്തില്‍ ഫീസ് സംബന്ധമായ വിവരങ്ങള്‍ കൃത്യമായി വിശദീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ ഡാറ്റ ബേസ് മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്നും. പാഠ്യ പഠ്യേതര വിഷയങ്ങളിലുള്ള കുട്ടികളുടെ പ്രകടനത്തെ സംബന്ധിച്ച്  അധ്യാപകര്‍ തയ്യാറാക്കുന്ന വിവരങ്ങളും ഇതില്‍ ഉള്‍പെടുത്തിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഒറ്റയടിക്ക് ഫീസ് വര്‍ധിപ്പിക്കുന്നതിന് പകരം മാനേജ്‌മെന്റിന്റെ ആവശ്യം കൂടി കണക്കിലെടുത്ത് നേരിയ തോതില്‍ വിവിധ ഘട്ടങ്ങളിലായി വര്‍ധനവ് നടപ്പിലാക്കുന്ന കാര്യമാണ് മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളതെന്നാണ് സൂചന,  ഉയര്‍ന്ന ഫീസ് വാങ്ങുന്നതോടൊപ്പം  ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു വരുത്തണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. അതേസമയം, ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിനും രക്ഷിതാക്കള്‍ക്കുമിടയില്‍ അനാവശ്യമായ തെറ്റിധാരണകള്‍ ഉണ്ടാക്കരുതെന്നും തികച്ചും സുതാര്യമായി ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകളോട് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ