
ദോഹ: ഖത്തറില്‍ പൊതുമാപ്പ് അവസാനിക്കാനിരിക്കെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ സെര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗം ശക്തമായ പരിശോധനക്കൊരുങ്ങുന്നു. ഈ മാസം മുപ്പതിനാണ് പൊതുമാപ്പ് കാലാവധി അവസാനിക്കുക. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും സേര്‍ച്ച് ആന്‍ഡ് ഫോളോ അപ് വിഭാഗം ഡയറക്ടര്‍ അബ്ദുല്ല ജാബിര്‍ അല്‍ അബ്ദ അറിയിച്ചു.
ഡിസംബര്‍ പകുതിയോടെ നിലവില്‍ വരുന്ന പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിനു മുന്നോടിയായാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവു പ്രകാരം രാജ്യത്ത് മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഖത്തറിന്റെ ചരിത്രത്തിലെ മൂന്നാമത്തെ പൊതുമാപ്പാണിത്. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടി മറ്റ് ജോലികള്‍ ചെയ്യുന്നവര്‍, റസിഡന്‍സ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, കുടുംബത്തിന്റെ വിസ പുതുക്കാന്‍ കഴിയാത്തവര്‍, തുടങ്ങി വിവിധ കാരണങ്ങളാല്‍ അനധികൃത താമസം തുടരുന്നവര്‍ക്കാണ് പിഴയും ശിക്ഷാ നടപടികളും ഒഴിവാക്കി ഇക്കാലയളവില്‍ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിക്കുക. പതിനേഴു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പൊതുമാപ്പിനെക്കാള്‍ മികച്ച പ്രതികരണമാണ് ഇത്തവണ ലഭിച്ചതെന്നാണ് സൂചന. എന്നാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണം ഇതുവരെ പുറത്തു വിട്ടിട്ടില്ല. കാലാവധി അവസാനിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച കൃത്യമായ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുക. രണ്ടായിരത്തില്‍ താഴെ ഇന്ത്യക്കാരും ഇതുവരെയായി നാട്ടിലേക്ക് മടങ്ങിയെന്നാണ് അനൗദ്യോഗിക വിവരം. രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാര്‍ ആറായിരത്തോളം വരുമെന്നാണ് കണക്ക്. ഡിസംബര്‍ ഒന്നിന് ശേഷം ഇത്തരം അനധികൃത താമസക്കാര്‍ പിടിയിലകപ്പെട്ടാല്‍ അമ്പതിനായിരം റിയാല്‍ പിഴയും അനുഭവിക്കേണ്ടി വരുമെന്നും ഇക്കാര്യത്തില്‍ ഒരിളവും അനുവദിക്കില്ലെന്നും സെര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam