ഇസ്ലാമിക് റിപബ്ലികിന്റെ ആയുഷ്കാല സേവകനെന്നാണ് അലി ലരിജാനിയെ ഇറാൻ വിശേഷിപ്പിച്ചത്. മകനും അംഗരക്ഷകർക്കുമൊപ്പമാണ് അലി ലരിജാനിയുടെ രക്തസാക്ഷിത്വമെന്നും ഇറാൻ
ടെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാസമിതി മേധാവി അലി ലരിജാനി കൊല്ലപ്പെട്ടത് മകളുടെ വീടിന് നേരെ നടന്ന വ്യോമാക്രമണത്തിലെന്ന് ഇറാൻ. ടെഹ്റാന് സമീപമുള്ള വീടിന് നേരെ വ്യോമാക്രമണം നടന്ന സമയത്ത് അലി ലരിജാനിക്കൊപ്പം മകനുമുണ്ടായിരുന്നുവെന്നാണ് ഇറാൻ ചൊവ്വാഴ്ച വ്യക്തമാക്കിയത്. ടെഹ്റാന്റെ വടക്ക് കിഴക്കൻ മേഖലയിലെ പാർഡിസിൽ നടന്ന ആക്രമണത്തിലാണ് അലി ലരിജാനി കൊല്ലപ്പെട്ടത്. പുലർച്ചെയായിരുന്നു ആക്രമണം നടന്നത്. ആക്രമണ സമയത്ത് മകൻ മോർട്ടേസാ ലരിജാനിയും സുരക്ഷാ ഉദ്യോഗസ്ഥൻ അലിരേസാ ബായാത്തും നിരവധി അംഗരക്ഷകരും അലി ലരിജാനിക്കൊപ്പമുണ്ടായിരുന്നു. ഇസ്ലാമിക് റിപബ്ലികിന്റെ ആയുഷ്കാല സേവകനെന്നാണ് അലി ലരിജാനിയെ ഇറാൻ വിശേഷിപ്പിച്ചത്. മകനും അംഗരക്ഷകർക്കുമൊപ്പമാണ് അലി ലരിജാനിയുടെ രക്തസാക്ഷിത്വമെന്നും ഇറാൻ ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിൽ വിശദമാക്കിയത്.
ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും ഫാർസ് ന്യൂസ് ഏജൻസിയും അടക്കം ആക്രമണ വാർത്ത പുറത്ത് വിട്ടിട്ടുണ്ട്. ഇറാൻ നേതൃത്വത്തിൽ വലിയ ആഘാതമേൽപ്പിക്കുന്നതാണ് അലി ലരിജാനിയുടെ കൊലപാതകം. ഇസ്രയേൽ ആക്രമണത്തിലാണ് അലി ലരിജാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വിശദമാക്കിയിട്ടുള്ളത്. ഇറാൻ നേതാക്കളെ ലക്ഷ്യമിട്ട് ഇനിയും ആക്രമണം നടത്തുമെന്നും നേതാക്കളെ തുടച്ചുനീക്കുമെന്നുമാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. മുജ്തബ ഖമനെയിയേക്കുറിച്ച് അറിയില്ലെന്നും അയാളെക്കുറിച്ച് കേൾക്കുകയോ കാണുകയോ ചെയ്തിട്ടില്ലെന്നാണ് ഇസ്രയേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്റിൻ വിശദമാക്കിയത്. എന്നാൽ അയാളെ പിന്തുടർന്ന് ഇല്ലാതാക്കുമെന്നും ഇസ്രയേൽ സൈനിക വക്താവ് കൂട്ടിച്ചേർത്തു.
മേഖലയിൽ സംഘർഷം പാരമ്യത്തിൽ എത്തുമ്പോഴാണ് അലി ലരിജാനി കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ ഇറാൻ ഹോർമൂസ് കടലിടുക്കിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ കെന്നഡി കുടുംബത്തോളം തന്നെ ശക്തമായ ഇറാനിലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് അലി ലരിജാനിയുടെ വരവ്. അലി ലരിജാനിയുടെ ഒരു സഹോദരൻ നീതി ന്യായ വകുപ്പ് മേധാവിയായിരുന്നു. മറ്റൊരു സഹോദരൻ മുതിർന്ന വിദേശകാര്യ നയ ഉപദേഷ്ടാവുമാണ്. യൂറേനിയം സംപുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശത്തിന് വേണ്ടി നിരന്തരം നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ് അലി ലരിജാനി.


