ഖത്തറില്‍ കെട്ടിട വാടക വർദ്ധന; ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയില്‍

By Web DeskFirst Published Oct 15, 2016, 7:39 PM IST
Highlights

ഖത്തറിൽ കെട്ടിട ഉടമകൾ അന്യായമായി വാടക വർധിപ്പിക്കുന്നത് ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ വർഷം വാടക വർധിപ്പിക്കരുതെന്ന സർക്കാർ നിർദേശം നിലവിലിരിക്കെയാണ് ചില കെട്ടിട ഉടമകൾ അമ്പത് മുതൽ നൂറു ശതമാനം വരെ വാടക വർധിപ്പിച്ചത്.

എണ്ണ വിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ മേഖലയിലെ പിരിച്ചു വിടലും രാജ്യത്തെ വൻകിട മാളുകളിൽ പോലും കച്ചവടത്തെ സാരമായി ബാധിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്. ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ അഞ്ചു മുതൽ പതിനഞ്ചു  ശതമാനം വരെ കച്ചവടത്തിൽ കുറവ് വന്നിട്ടുണ്ട്. കഫ്റ്റേരിയകൾ,ഗ്രോസറികൾ തുടങ്ങിയ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും കച്ചവടത്തിൽ നേരിയ കുറവനുഭവപ്പെടുന്നുണ്ടെങ്കിലും ചില കേന്ദ്രങ്ങളിൽ കെട്ടിട ഉടമകൾ അന്യായമായി വാടക വർധിപ്പിക്കുന്നതാണ് ഇവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

നിയമ പ്രകാരം വർഷത്തിൽ വാടകയുടെ പത്തു ശതമാനം വർധിപ്പിക്കാൻ അനുമതിയുണ്ടെങ്കിലും അമ്പത് മുതൽ നൂറു ശതമാനം വരെ വർദ്ധനവ് ആവശ്യപ്പെടുന്നവരുമുണ്ട്. അവശ്യ സാധനങ്ങൾക്ക് വില കൂടിയതിനു പുറമെ ഉയർന്ന വാടക കൂടി നൽകി സ്ഥാപനങ്ങൾ എത്രകാലം മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് മലയാളികളായ കച്ചവടക്കാരിൽ ഭൂരിഭാഗവും.

tags
click me!