ന​ഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. വഴിയെ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലിസെന്ന് സംഘടന പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് എസ്ഐയെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. വഴിയെ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലിസ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് സംഘടന ആവശ്യപ്പെട്ടു.

അതിക്രമങ്ങളിൽ പരാതികൾ ഉണ്ടായാൽ പൊലീസ് കേസെടുക്കുക സ്വാഭാവികമാണ്. അങ്ങനെ എടുക്കുന്ന കേസുകളിൽ അന്വേഷണം നടത്തേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൻ്റെ ഭാഗവുമാണ്. നഗരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായി രേഖപെടുത്തിയിട്ടുള്ളവരെ തിരിച്ചറിയുന്നതിനും നോട്ടീസ് നൽകുന്നതിനുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് അസഭ്യവർഷം നടത്തിയും ഭീഷണിപ്പെടുത്തിയും നടത്തിയ പേക്കൂത്ത് അത്യന്തം ഖേദകരമാണ്. വഴിയെ പോകുന്ന ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് കേരളാ പോലീസ് എന്ന ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. കേട്ടാൽ അറക്കുന്ന പദപ്രയോഗങ്ങൾ നടത്തുന്നവർക്ക് പൊതുപ്രവർത്തകനാകാനുള്ള യോഗ്യതയുണ്ടോ എന്ന് പ്രബുദ്ധ കേരളം വിലയിരുത്തുമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പൊലീസുകാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.