Latest Videos

എന്‍റെ കാലിലാണോ അവരുടെ മതവികാരം?, എന്തിനു വേണ്ടിയാണ് വനിതാ മതില്‍?: ചോദ്യങ്ങളുമായി രഹ്ന ഫാത്തിമ

By Web TeamFirst Published Dec 19, 2018, 8:59 PM IST
Highlights

ആരുടെയും മതവികാരം വ്രണപ്പെടുത്താനല്ല ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും എന്‍റെ കാലിലാണോ വ്രണപ്പെടുന്നവരുടെ മതവികാരം എന്നും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ.  

തിരുവനന്തപുരം: ആരുടെയും മതവികാരം വ്രണപ്പെടുത്താനല്ല ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും എന്‍റെ കാലിലാണോ വ്രണപ്പെടുന്നവരുടെ മതവികാരം എന്നും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ.  മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായി 18 ദിവസത്തെ ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ  ശേഷം ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്രാങ്കില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രഹ്ന.

എന്‍റെ കാലിലാണോ അവരുടെ മതവികാരം? അല്ലെങ്കില്‍ എന്‍റെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ അവരുടെ മതവികാരം എന്ന് ചോദിക്കേണ്ടി വരും. സെപ്തംബര്‍ 30നാണ് ചിത്രം പോസ്റ്റ് ചെയ്തത് . അവിടെ കയറാന്‍ പോകുന്ന എല്ലാവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നത് മാത്രമായിരുന്നു എന്‍റെ ലക്ഷ്യം. ഒരു സെല്‍ഫി എടുക്കുമ്പോള്‍ എന്‍റെ കാല് കാണുന്നുണ്ടോ എന്ന കാര്യമൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. 

കാണുന്നവരുടെ കണ്ണിലാണ് ലൈംഗികതയും അശ്ലീലവും എന്ന്  എനിക്ക് തോന്നുന്നു.  സ്ത്രീയുടെ വസ്ത്രധാരണമല്ല അവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണം.  പുരുഷന്‍റെ ശരീരത്തില്‍ ഇല്ലാത്ത ഒന്നും എന്‍റെ ശരീരത്തിലും ഇല്ല എന്ന് എല്ലാ സ്ത്രീകളും മനസിലാക്കണം. ശരീരം എന്ന ഒരു കാര്യം മാത്രം ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നവരോട് എന്‍റെ ശരീരത്തെ വച്ച് നിങ്ങള്‍ക്ക് എന്നെ തളര്‍ത്താനാവില്ല എന്ന് പറയാന്‍ കഴിയണം.

വനിതാ മതില്‍ എന്തിനാണ് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. വനിതാ മതിലിന്‍റെ ഉദ്ദേശമെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. എന്തിന് നേരെയാണ് മതില്‍ കെട്ടാനുദ്ദേശിക്കുന്നത്. ശബരിമലയില്‍ കയറാന്‍ വരുന്ന യുവതികളെ തടയാനാണോ മതില് കെട്ടുന്നത് അത് ചെയ്യുന്നവര്‍ വ്യക്തമാക്കണം. വേലിക്കെട്ടുകള്‍ നിറഞ്ഞതാണ് സ്ത്രീസമൂഹം വീണ്ടും അവരെ കൊണ്ട് മതിലുകൂടി കെട്ടിക്കുന്നതെന്ന് എന്തിനാണ് എന്ന് മനസിലാകുന്നില്ല.
 
ശബരിമല എന്നത് എല്ലാ മതസ്തര്‍ക്കും ചെല്ലാന്‍ സാധിക്കുന്ന സ്ഥലമാണ്. അവിടെ യേശുദാസടക്കമുള്ളവര്‍ ചെല്ലുന്ന സ്ഥലമാണ്. അവരൊന്നും ചോദ്യം ചെയ്യപ്പെടുന്നില്ല. പക്ഷെ ഞാന്‍ ചോദ്യം ചെയ്യപ്പെടുന്നത് മുസ്ലിം നാമധാരിയാണെന്നതു കൊണ്ടും സ്ത്രീയാണെന്നതുകൊണ്ടും മാത്രമാണ്. അത് അംഗീകരിക്കാനാവില്ല. അയ്യപ്പനില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. പാലിക്കേണ്ട നിയമങ്ങല്‍ പാലിച്ചുകൊണ്ടാണ് അവിടെ ദര്‍ശനത്തിന് ശ്രമിച്ചത്.

എല്ലാ മതത്തെ കുറിച്ചും ഗ്രന്ഥങ്ങളെ കുറിച്ചും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുസ്ലിം കുടുംബത്തില്‍ ജനിച്ച് അതിന്‍റെ രീതികളില്‍ ജീവിച്ച് വന്ന ആളാണ്. അതില്‍ തന്നെയുള്ള സ്ത്രീകളോടുള്ള വിവേചനം കണ്ട്, പലപ്പോഴും അതിനെ ചോദ്യം ചെയ്ത് വന്ന ആളാണ്. പറഞ്ഞുകേട്ട അറിവുകള്‍ സത്യമാണോ എന്നറിയാനും കൂടുതല്‍ പഠിക്കാനുമാണ് ശബരിമലയില്‍ പോയത്. അത് നീ തന്നെയാകുന്നു എന്ന തത്വമസി എന്ന  കാര്യങ്ങളെ കുറിച്ച്  പഠിക്കാനാണ് ശ്രമിച്ചത്. പേരെടുക്കാന്‍ വേണ്ടിയാണെന്ന് പറയുന്നു.  തെറിവിളി, സ്വസ്ഥത നഷ്ടപ്പെടുക, ജോലി പോവുക, എന്നിങ്ങനെയാണ് എന്‍റെ അനുഭവം. ഇവ എങ്ങനെയാണ് എന്‍റെ നല്ലപേരെടുക്കലാവുക എന്നും രഹ്ന ചോദിച്ചു.

പോയിന്‍റ് ബ്ലാങ്ക് കാണാം...

click me!