'യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ കാത്തുനിന്നിരുന്നു'; രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍

By Web TeamFirst Published Oct 24, 2018, 5:35 PM IST
Highlights

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍  സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ കാത്തു നിന്നിരുന്നെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍. കയ്യില്‍ മുറിവേല്‍പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍  സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ കാത്തു നിന്നിരുന്നെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍. കയ്യില്‍ മുറിവേല്‍പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റേതാണ് വെളിപ്പെടുത്തല്‍. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള പ്ലാന്‍ ബിയും സിയും ഇതായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ വിശദമാക്കി. 

സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഈ സാധ്യത ഉപയോഗിക്കാനായി തയ്യാറായ ഒരു സംഘം ആളുകള്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. ഇനി നട തുറക്കുന്ന ദിവസങ്ങളിലും അവര്‍ അവിടെ തന്നെ കാണുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

ശബരിമലയുടെ ഉടമാവകാശം തന്ത്രിക്കല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. അയ്യപ്പനാണ് ശബരിമലയുടെ ഉടമ. അല്ലാതെ ദേവസ്വം ബോർഡിനോ സർക്കാരോ അല്ല ശബരിമലയുടെ ഉടമയെന്നും രാഹുല്‍ പറ‌ഞ്ഞു.  സുപ്രീം കോടതി റിവ്യൂ പരിഗണിക്കുന്നതിന് സ്വീകരിച്ച സാഹചര്യത്തിൽ തീരുമാനം ഉണ്ടാകുന്നതു വരെ ശബരിമലയിൽ ഭക്തരല്ലാത്തവരെ കയറ്റുന്നതിനു ശ്രമിക്കരുത്. സുപ്രീം കോടതി അനുകൂല വിധി നൽകിയില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടു പോകുന്നതിനാണു ഭക്തരുടെ തീരുമാനം. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാർഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയുമെന്നും രാഹുൽ ഈശ്വർ വിശദമാക്കി. 

click me!