
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹര്‍ജി നാളെയും വാദം തുടരും. ഇരുവിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണൽ സിജെ എം കോടതി നാളെ പരിഗണിക്കാന്‍ മാറ്റിയത്. കേസിലെ എഫ് ഐ ആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വറിന്‍റെ അഭിഭാഷകൻ വാദിച്ചു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാഹുലിനെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ജയിലിൽ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരത്തിലാണ് രാഹുൽ. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുൽ ഈശ്വറിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.