ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു

Published : Dec 05, 2025, 05:55 PM ISTUpdated : Dec 05, 2025, 05:59 PM IST
rahul mamkoottathil case

Synopsis

ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസിൻ്റെ ന‌‌ടപടി. ഇന്നലെ ഉച്ചയ്ക്ക് 2:30നായിരുന്നു ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗത്തെയും വിട്ടയച്ചു. ഫസൽ അബ്ബാസ്, ഡ്രൈവർ ആൽവിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഫസൽ അടക്കമുള്ളവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നൽകിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്ന് ഫസൽ അബ്ബാസ് പറഞ്ഞു.

ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസിൻ്റെ ന‌‌ടപടി. ഇന്നലെ ഉച്ചയ്ക്ക് 2:30നായിരുന്നു ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ഫസൽ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. തന്റെ സഹോദരൻ നിയമവിരുദ്ധ കസ്റ്റഡിയിലാണ്. സഹോദരൻ എവിടെയെന്ന് പൊലീസ് അറിയിക്കുന്നില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതിൽ സഹോദരന് യാതൊരു പങ്കുമില്ല. നിയമവിരുദ്ധമായാണ് പൊലീസ് കസ്റ്റഡി. പൊലീസ് മേധാവി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഫസൽ അബ്ബാസ് എവിടെയെന്ന് അറിയിക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിഎയേയും ഡ്രൈവറേയും അന്വേഷണ സംഘം വിട്ടയച്ചത്. 

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം. രാഹുൽ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍.

ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നാണ് രാഹുൽ ഹര്‍‌ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍‌ന്നപ്പോള്‍ ബലാത്സംഗ കേസാണ് മാറ്റിയതാണെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. താനൊരു രാഷ്ട്രീയ നേതാവായത് കൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും രാഹുൽ ഹൈക്കോടതിയെ അറിയിക്കുന്നു. 2025 നവംബറിലാണ് പരാതി നൽകിയതെന്നും പരാതി നൽകാനുണ്ടായ കാലതാമസം ദുരൂഹമാണെന്നും ഹര്‍ജിയിൽ പറയുന്നു. സമാനമായ കേസുകളിലെ ഉത്തരവുകളും ഇപ്പോള്‍ ഹാജരാക്കിയിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗും ആരോപിക്കുന്നുണ്ട്.

ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎക്കായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാഹുലിനെ ഇന്നലെ പുറത്താക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ ബലാൽസംഗ കേസ് അന്വേഷിക്കാൻ എസ്പി ജി പൂങ്കൂഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു