
ദില്ലി: രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ കാത്തുനില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും കരുത്താര്‍ജ്ജിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയതോടെ രാഹുലിന്‍റെ നേതൃശേഷി വാഴ്ത്തപ്പെടുകയാണ്. തെരഞ്ഞെടുപ്പ് ഗോദയില്‍ മോദിയെ വീഴ്ത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോഷ്യല്‍ മീഡിയയിലും താരമായി മാറുകയാണ്.
ട്വീറ്ററിലെ എന്‍ഗേജ്മെന്‍റിന്‍റെ ( ആളുകള്‍ ചിലവഴിക്കുന്ന സമയം) കാര്യത്തില്‍ മോദിയെ ഞെട്ടിച്ചിരിക്കുയാണ് രാഹുല്‍. ഫോളോവേഴ്സിന്‍റെ കാര്യത്തില്‍ മോദി ബഹുദൂരം മുന്നിലാണെങ്കിലും എന്‍ഗേജ്മെന്‍റിന്‍റെ കാര്യത്തില്‍ രാഹുലിന്‍റെ കുതിപ്പാണ് ദൃശ്യമാകുന്നത്. റീ ട്വീറ്റ് ചെയ്യപ്പെടുന്ന കാര്യത്തിലും റിപ്ലെയുടെ കാര്യത്തിലും രാഹുല്‍ തന്നെ കേമന്‍. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയതിന് ശേഷമാണ് രാഹുല്‍ ട്വിറ്ററില്‍ മാജിക്ക് കാട്ടിത്തുടങ്ങയിതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
രാഹുല്‍ ഗാന്ധി 2015 ലാണ് ട്വിറ്ററില്‍ ജോയിന്‍ ചെയ്തത്. മോദിയാകട്ടെ 2009 ലും. രാഹുല്‍ ഇതുവരെ 4050 ട്വീറ്റുകളാണ് ചെയ്തിട്ടുളളതെങ്കില്‍ മോദി ഇരുപത്തിരണ്ടായിരം ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. മോദിയ്ക്ക് നാലര കോടി ഫോളോവേഴ്സ് ഉള്ളപ്പോള്‍ രാഹുലിനെ 80 ലക്ഷം പേര്‍ മാത്രമാണ് പിന്തുടരുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ട്വിറ്റര്‍ എന്‍ഗേജ്മെന്‍റിലും റീ ട്വീറ്റിലും റിപ്ലെയിലും രാഹുല്‍ മുന്നിലാണെന്ന് വ്യക്തമാകുന്നത്. ഇക്കാലയളവില്‍ മോദി 400 ഓളം ട്വീറ്റുകള്‍ ചെയ്തപ്പോള്‍ രാഹില്‍ 200 ഓളം ട്വീറ്റുകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. മോദിയ്ക്ക് ലഭിച്ച റീ ട്വീറ്റുകളുടെ ശരാശരി ആയിരം മാത്രമാണ്. രാഹുലിന് ലഭിക്കുന്ന റീ ട്വീറ്റുകളാകട്ടെ എണ്ണായിരത്തിലധികമാണ്. ട്വീറ്റുകളുടെ ലൈക്കുകളില്‍ മോദിയെ രാഹുല്‍ ബഹുദൂരം പിന്നിലാക്കിയിട്ടുണ്ട്. രാഹുലിന് മുപ്പതിനായിരത്തോളം ലൈക്കുകള്‍ വരെ ലഭിക്കുമ്പോള്‍ മോദിക്ക് ഇരുപതിനായിരം മാത്രമാണ് ലഭിക്കുന്നത്. ട്വിറ്റര്‍ റിപ്ലെയുടെ കാര്യത്തിലും സമാനമാണ് സാഹചര്യം. രാഹുലിന് 3500 റിപ്ലെകള്‍ വരെ ലഭിക്കുമ്പോള്‍ മോദിക്ക് ആയിരത്തോടടുത്താണ് റിപ്ലെ ലഭിക്കുന്നത്.
എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്നുവെന്നതാണ് രാഹുലിന്‍റെ ട്വീറ്റുകളുടെ എന്‍ഗേജ്മെന്‍റ് കൂടാനുള്ള കാരണങ്ങളിലൊന്ന്. മോദിയാകട്ടെ വിവാദ വിഷയങ്ങളില്‍ മൗനം പാലിക്കുകയാണ് പതിവ്. രാഹുലിന്‍റെ ട്വീറ്റുകളില്‍ കയറി അധിക്ഷേപം നടത്തുന്നവരും അവര്‍ അറിയാതെ തന്നെ രാഹുലിന്‍റെ എന്‍ഗേജ്മെന്‍റ് വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. രാഹുലിന് ലഭിക്കുന്ന റിപ്ലെകളില്‍ ഇത് ദൃശ്യമാണ്.
വ്യക്തിപരമായ ആക്രമണം മോദി സോഷ്യല്‍ മീഡിയയില്‍ ഒഴിവാക്കിയപ്പോള്‍ രാഹുലിന്‍റെ ട്വീറ്റുകള്‍ കൂടുതലും അത്തരത്തിലുള്ളതാണ്. 2017 ന് ശേഷമുള്ള 1381 ട്വീറ്റുകളില്‍ രാഹുല്‍ കൂടുതലായും ഉപയോഗിച്ചിട്ടുള്ള വാക്ക് മോദി എന്നോ പ്രധാനമന്ത്രി എന്നോ ആണ്. പതിമൂന്ന് ട്വീറ്റുകളില്‍ ഒന്ന് എന്നതാണ് ഇക്കാര്യത്തിലെ ശരാശരി. മോദിയാകട്ടെ രാഹുലിനെ പേരെടുത്ത് അധികം പറഞ്ഞിട്ടില്ല. ഹിന്ദിയിലും ട്വീറ്റ് ചെയ്യുന്നതാണ് രാഹുലിന്‍റെ എന്‍ഗേജ്മെന്‍റ് കൂടാനുള്ള മറ്റൊരു കാര്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam