തീരുവയുമായി ബന്ധപ്പെട്ട അമേരിക്കയിലെ സംഭവവികാസങ്ങള്‍ പഠിക്കുകയാണെന്നും അമേരിക്ക പ്രഖ്യാപിച്ച പുതിയ നടപടികള്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിശോധിച്ചുവരുകയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
ദില്ലി: തീരുവയുമായി ബന്ധപ്പെട്ട അമേരിക്കയിലെ സംഭവവികാസങ്ങള്‍ പഠിക്കുകയാണെന്നും അമേരിക്ക പ്രഖ്യാപിച്ച പുതിയ നടപടികള്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിശോധിച്ചുവരുകയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ഡോണൾഡ് ട്രംപിന്‍റെ തീരുവ പ്രഖ്യാപനം യുഎസ് സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യമാണ് ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നത്. ഇന്ത്യയ്ക്കുള്ള പകരം തീരുവ പത്തായി കുറയുമെന്ന് വൈറ്റ് ഹൗസ് വ്യക്താക്കിയിരുന്നു. കോടതി വിധിയും ട്രംപിന്‍റെ പ്രഖ്യാപനവും എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പ്രധാനമായും ഇന്ത്യ പഠിക്കുന്നത്. ഇന്ത്യയ്ക്കുള്ള തീരുവയും പരാമർശിച്ചാണ് യുഎസ് കോടതി വിധിക്കുശേഷം ഡോണൾഡ് ട്രംപ് വാർത്താസമ്മേളനം നടത്തിയത്.
റഷ്യൻ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇത് പതിനെട്ടായി കുറയ്ക്കാൻ തയ്യാറായത് വ്യാപാര കരാറിൽ ധാരണയായതോടെയാണ്. എന്നാൽ, പകരം തീരുവയ്ക്ക് ട്രംപിന് അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കിയതോടെ കാര്യങ്ങൾ സങ്കീർണ്ണമാകുന്നുവെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വിലയിരുത്തൽ. മുഖം രക്ഷിക്കാൻ പത്തു ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപ് വ്യാപാര കരാറുള്ള രാജ്യങ്ങൾക്ക് ഇതാകും ബാധകമെന്നാണ് വ്യക്താക്കുന്നത്. ഇന്ത്യയ്ക്കുള്ള താരിഫ് പതിനെട്ടിൽ നിന്ന് പത്തായി കുറയുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിലെ കയറ്റുമതി രംഗത്തിന് ഇത് ആശ്വസമാണ്. നിലവിൽ 25 ശതമാനമാണ് പകരം തീരുവ. ഇത് പതിനെട്ടായി കുറയ്ക്കാനിരിക്കെയാണ് പത്തു ശതമാനമാക്കിയുള്ള പുതിയ ഉത്തരവ്.
അതായത് ടെക്സ്റ്റൈൽസ്, സമുദ്രോല്പന്നങ്ങൾ, തുകൽ തുടങ്ങിയവയ്ക്ക് തീരുവ പത്തായി ഉടൻ കുറയും. റഷ്യൻ എണ്ണ ഇറക്കുമതി നിര്‍ത്തിവെയ്ക്കാം എന്നറിയിച്ചതു കൊണ്ടാണ് ഇന്ത്യയ്ക്കുള്ള 25 ശതമാനം പിഴ തീരുവ പിൻവലിച്ചതെന്ന് അമേരിക്ക നിരന്തരം പറയുകയാണ്. 25 ശതമാനം അധിക തീരുവയ്ക്കും ട്രംപിന് അധികാരം ഇല്ലാതിരുന്നു എന്ന് വ്യക്തമായതോടെ വ്യാപാര കരാറിൽ മാറ്റങ്ങളുണ്ടാകുമോ എന്ന ചോദ്യം ഉയരുകയാണ്. മാർച്ച് പതിനഞ്ചോടെ കരാർ ഒപ്പിടാനായിരുന്നു ധാരണയെങ്കിലും പുതിയ സാഹചര്യത്തിൽ ഇത് നീളാനുള്ള സാധ്യത തള്ളാനാവില്ല. യുഎസ് കോടതിയിൽ കേസ് നിൽക്കവെ എന്തിന് തിടുക്കത്തിൽ കരാറിന് ഇന്ത്യ സമ്മതിച്ചുവെന്നാണ് കോൺഗ്രസിന്‍റെ ചോദ്യം. പ്രധാനമന്ത്രി കീഴടങ്ങിയെന്നും കരാർ പുനപരിശോധിക്കില്ലെന്നും രാഹുൽ ഗാന്ധി കുറിച്ചു.



