
പനാജി: തെക്കൻ ഗോവയിൽ ശീതകാല അവധി ആഘോഷിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും. ഞായറാഴ്ചയായിരുന്നു ഇരുവരും ഗോവയിൽ എത്തിയത്. ദില്ലിയിൽ സംഘടിപ്പിച്ച എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് രാഹുലും സോണിയയും ഗോവയിലെത്തിയത്.
തെക്കന്‍ ഗോവയിലെ പ്രശസ്തമായ ഫിഷർമാൻസ് വാര്‍ഫ് റസ്റ്റോറന്‍റിലായിരുന്നു നേതാക്കളുടെ ഉച്ചഭഷണം. നേതാക്കളുടെ ഗാംഭീര്യമില്ലാതെ സാധാരണക്കാരെ പോലെയായിരുന്നു ഇരുവരുടെയും റസ്റ്റോറന്‍റിലേയ്ക്കുള്ള കടന്നുവരവ്. പ്രതീക്ഷിക്കാതെയുള്ള അവരുടെ വരവ് റസ്റ്റോറന്‍റിലുണ്ടായിരുന്ന എല്ലാവരിലും അത്ഭുതമാണ് ഉളവാക്കിയത്.
ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം നേതാക്കൾ മറ്റുള്ളവരുമായി കുശലാന്വേഷണം നടത്തുകയും സെൽഫി എടുക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ഇരുനേതാക്കളും ഭക്ഷണശാലയില്‍ എത്തിയതെന്ന് ഗോവയിലെ ദന്ത ഡോക്ടറായ റിച്ച ഫെര്‍ണാണ്ടസ് പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു സെല്‍ഫിക്കായി ചോദിച്ചപ്പോള്‍, ബില്‍ കൊടുത്തതിന് ശേഷം എടുക്കാമെന്നാണ് പറഞ്ഞത്. പിന്നീട് ഭക്ഷണത്തിന്‍റെ ബില്ല് നല്‍കിയ ശേഷം അദ്ദേഹം സെല്‍ഫി അനുവദിച്ചു. അദ്ദേഹം മോശം രാഷ്ട്രീയ ലോകത്തിലെ നല്ലൊരു വ്യക്തിത്വമാണെന്നും റിച്ച കുറിച്ചു.
അതേസമയം ഇരുവരുടെയും ഗോവാ സന്ദർശനത്തിന് ഔദ്യോഗികമായ കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും അവധി ആഘോഷിക്കുന്നതിന് വേണ്ടി വന്നതാണെന്നും ഗേവയിലെ കോണ്‍ഗ്രസ് വക്താവ് അറിയിച്ചു. ഇരുവരും ഗോവയിലെ ഫൈവ് സ്റ്റാർ റിസോര്‍ട്ടിലാണ് താമസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam