വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു

By Web DeskFirst Published Jun 29, 2016, 5:45 AM IST
Highlights

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കണ്ണൂരിന്‍റെ മലയോര ഗ്രാമങ്ങളിൽ ഉരുൾപൊട്ടി വ്യാപകകൃഷിനാശവും വെളളപ്പൊക്കവുമുണ്ടായി. നിരവധി വീടുകളും തകർന്നു. കാസർഗോഡിന്‍റെ തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്. വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.

തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിലാണ് കണ്ണൂരിന്‍റെ മലയോര മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ആലക്കോട്  നെല്ലിക്കുന്ന് മലയിലും ഫർലോങ്ങര മലയിലും കുടിയാൻമല പയ്യാവൂർ ആടാംപാറ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ആൾത്താമസമില്ലാത്ത കൃഷിഭൂമിയായതിനാൽ ആളപായമുണ്ടായില്ല. ഏക്കറുകണക്കിന് കൃഷിനാശമുണ്ടായി. ആലക്കോട് നെല്ലിപ്പാറയിൽ മലവെളളപ്പാച്ചിലിൽ രണ്ട് വീട് പൂർണമായി തകർന്നു. പയ്യാവൂരിലെ മാടക്കൽ പാലവും ഒരു മാസം മുമ്പ് ടാർ ചെയ്ത വഞ്ചിയം റോ‍ഡും ഒലിച്ചുപോയി.പ്രദേശത്തെ തോടുകളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്.

നെടുംപൊയിൽ, പാൽച്ചുരം മേഖലയിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. തിരൂർ പടിഞ്ഞാറേക്കര അഴിമുഖത്ത് ഫൈബർ വളളം മറിഞ്ഞ കാണാതായ വാക്കാട് സ്വദേശി മൊയ്തീൻകുട്ടിക്ക്  വേണ്ടി തിരച്ചിൽ തുടരുകയാണ്. കാസർഗോഡിന്‍റെ തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്. കുമ്പള പേരാലിൽ കനത്ത മഴയിൽ ഗവ.സ്കൂൾ കെട്ടിടം തകർന്നുവീണു. സ്കൂളിന് അവധിയായതിനാൽ ദുരന്തം ഒഴിവായി. ജില്ലയിൽ പതിനഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു.വയനാട്ടിൽ തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെളളപ്പൊക്കഭീഷണിയിലാണ്.
 

 

click me!