കലിതുള്ളി കാലവര്‍ഷം, മരണം 12, അഞ്ചു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Web Desk |  
Published : Jul 17, 2018, 06:54 AM ISTUpdated : Oct 04, 2018, 02:49 PM IST
കലിതുള്ളി കാലവര്‍ഷം, മരണം 12, അഞ്ചു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Synopsis

എംജി യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് കനത്ത നഷ്ടം. വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വിശദമാക്കുന്നു.  ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ പടിഞ്ഞാറന്‍ കാറ്റാണ് കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണമായത്.  ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദവും അന്തരീക്ഷ ചുഴിയും ഒന്നിച്ചെത്തിയതോടെ സംസ്ഥാനം നേരിട്ടത് കടുത്ത മഴക്കെടുതികളാണ്.

ഇന്ന് കനത്ത മഴയ്ക്ക് നേരിയ ശമനം ഉണ്ടാവുമെങ്കിലും ന്യൂനമര്‍ദ്ദം വീണ്ടുമെത്തുമെന്നാണ് കാലവസ്ഥാ നിരീക്ഷകര്‍ വിശദമാക്കുന്നത്. ജൂലൈ 19 ന്യൂന മര്‍ദ്ദം വീണ്ടും രൂപം കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ കനത്ത മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് നിരീക്ഷണം. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ട് ജീവനാണ് പൊലിഞ്ഞത്. മൂന്നു പേരെ കാണാതായി. സംസ്ഥാനത്ത് എട്ടുകോടി രൂപയുടെ നാശ നഷ്ടമുണ്ടായെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.  കേരള ലക്ഷദ്വീപ് തീരങ്ങളില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. 

പമ്പയും അച്ചന്‍കോവിലാറും കരകവിഞ്ഞതോടെ അപ്പര്‍ കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണുള്ളത്.കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. എറണാകുളത്ത് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. 
സംസ്ഥാനത്ത് ഇതുവരെ 16 ശതമാനം അധികമഴ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഈ കാലയളവി‍ൽ കിട്ടേണ്ട ശരാശരി മഴയായ 105 സെന്റീമീറ്ററിന്റെ സ്ഥാനത്ത് 122 സെമീ മഴയാണ് ലഭിച്ചത്. തിങ്കളാഴ്ച എറണാകുളത്തും കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കോഴായിലുമാണ് റെക്കോഡ് മഴ പെയ്തത്– 23 സെന്റീമീറ്റർ.

പിറവം (22 സെമീ), മൂന്നാർ (20), പീരുമേട് (19), കൊച്ചി വിമാനത്താവളം (16), കുമരകം, ആലുവ, ഇടുക്കി, തൊടുപുഴ (15), കോട്ടയം, ചേർത്തല (14), ആലപ്പുഴ, ചെങ്ങന്നൂർ, ആയൂര്‍ കുരുടാമണ്ണില്‍ (12), ചാലക്കുടി, കൊടുങ്ങല്ലൂർ (11), കോന്നി, ഹരിപ്പാട് (10) എന്നിങ്ങനെയാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ലഭിച്ച മഴ. ശബരിമലയിലെ വനം വകുപ്പിന്റെ മഴമാപിനിയിൽ 16 സെന്റീമീറ്റർ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.

കനത്ത മഴയില്‍ ട്രാക്കില്‍ വെള്ളം നിറഞ്ഞും മരങ്ങള്‍ വീണും സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് സ്റ്റേഷനില്‍ തകരാറിലായ സിഗ്നല്‍ സംവിധാനം പുനസ്ഥാപിച്ചെങ്കിലും ഇന്നലത്തെ കനത്ത മഴയില്‍ വീണ്ടും തകരാറിലായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രൊഫഷനല്‍ കോളേജുകള്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളത്ത് പ്ലസ്ടു വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജുകള്‍ക്കും പ്രൊഫഷണ്ല്‍ കോളേജുകള്‍ക്കും അവധിയില്ല. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിദാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. എംജി യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സംരക്ഷകര്‍ തന്നെ വിനാശകരായി മാറി'; ശബരിമല സ്വര്‍ണക്കൊള്ള അപൂര്‍വമായ കുറ്റകൃത്യമെന്ന് ഹൈക്കോടതി, എസ്ഐടിക്കും രൂക്ഷവിമര്‍ശനം
തൃശൂരിൽ ടെംപോ ട്രാവലര്‍ സഹോദരങ്ങളായ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ചു, ഒരാളുടെ നില ഗുരുതരം; വാഹനം കസ്റ്റഡിയിലെടുത്തു