അമ്മയെ കൊലപ്പെടുത്താന്‍ കാരണം അവിഹിത ബന്ധം: പ്രതി മകനാണെന്ന് വിശ്വസിക്കാനാവാതെ  നാട്ടുകാര്‍

By Web DeskFirst Published Mar 5, 2018, 6:57 PM IST
Highlights
  • കൊലപാതകത്തിന് സഹായിച്ചത് പിതാവ്
  • വിശ്വസിക്കാനാവാതെ നാട്ടുകാര്‍

ഇടുക്കി: കളിയും ചിരിയുമായി നടന്നിരുന്ന അംഗവാടി കെട്ടിടത്തില്‍ ചോരക്കറുയുടെ ഭീതിപരത്തിയ കൊലക്കേസിലെ പ്രതികള്‍ ഭര്‍ത്താവും മകനുമാണെന്ന് വിശ്വസിക്കാന്‍ കഴിയാതെ തോട്ടംതൊഴിലാളികള്‍. അമ്മ വെട്ടേറ്റ് മരിച്ചുവെന്ന വാര്‍ത്ത അന്യസംസ്ഥാന തൊഴിലാളികള്‍ ആദ്യം അറിയിച്ചത് മകന്‍ രാജ്കുമാറിനെയായിരുന്നു. ആദ്യം കേട്ടഭാവം കാണിക്കാതെ പിന്‍തിരിഞ്ഞ മകന്‍ അല്പസമയത്തിനുള്ളില്‍ അംഗന്‍വാടിയില്‍ എത്തുകയും ആചാരങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. 

2017  ഫെബ്രുവരി 14 നാണ് ഗുണ്ടുല ബെന്‍മൂര്‍ ഡിവിഷനിലെ അംഗവാടിയില്‍ ആയ രാജഗുരു (47) കൊല്ലപ്പെടുന്നത്. ഉച്ചയ്ക്ക് കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍വന്ന അന്യസംസ്ഥാന സ്ത്രീതൊഴിലാളികളാണ് ചോരവാര്‍ന്നൊഴുകിയ നിലയില്‍ രാജഗുരുവിനെ ആദ്യം കാണുന്നത്. കെട്ടിടത്തിന്റെ ഇരുവശങ്ങളിലും കതക് അടച്ചിട്ടിരുന്നനിലയിലായിരുന്നു. ജനല്‍തുറന്നുനോക്കവെയാണ് അടുക്കളമുറിക്ക് സമീപത്ത് ആയ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് രാജഗുരുവിന്റെ വീട്ടിലെത്തിയ മകനെ വിവരമറിയിക്കുകയായിരുന്നു.  

മൂന്നാര്‍ സി.ഐ സാംജോസിന്റെ നേത്യത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. പുറത്തുള്ളവരല്ല കൊലപാതകം ചെയ്തതെന്ന് മനസ്സിലാക്കിയ പോലീസ് എസ്‌റ്റേറ്റിലെ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. കേസില്‍ തുമ്പൊന്നും ലഭിക്കാതെവന്നതോടെയാണ് ബന്ധുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഭര്‍ത്താവ് മണികണ്ടന്‍ (46) മകന്‍ രാജ്കുമാര്‍(18)  എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി മകനാണെന്ന് പോലീസിന് വ്യക്തമായെങ്കിലും പ്രായാപൂര്‍ത്തിയാകാത്തത് തിരിച്ചടിയായി. 

പോലീസിന്റെ അന്വേഷണം നടക്കുമ്പോഴും പ്രതികള്‍ എസ്റ്റേറ്റില്‍ സുഖവാസത്തിലായിരുന്നു. കൊലപാതകം നടന്ന കെട്ടിടത്തില്‍ കുട്ടികളെ അയക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെ കെട്ടിടത്തിന് കമ്പനി അധിക്യതര്‍ താഴിട്ടു. തൊഴിലാളികള്‍ക്കൊപ്പം നടന്നിരുന്ന ആയയുടെ കൊലപാതകം തൊഴിലാളികളില്‍ ഭീതിക്കും ഭയത്തിനും ഇടയാക്കി. ഒടുവില്‍ രാജഗുരുവിന്റ അവിഹിത ബന്ധത്തിന്റെ പേരില്‍ പിതാവിന്‍റെ സഹായത്തോടെ മകന്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്തയുമെത്തി. ഭാര്യയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഭര്‍ത്താവ് ഒളിപ്പിക്കുകയും മകനെ പോലീസിന്റെ കയ്യില്‍ നിന്നും രക്ഷിക്കുന്നതിനും നടത്തിയ പ്രയത്നങ്ങള്‍ വിഭലമായതോടെ പ്രതികള്‍ പൊലീസ് പിടിയിലായി.

click me!