
ജയ്പൂർ: പത്രിക പിൻവലിക്കാത്തതിനെ തുടർന്ന് വസുന്ധര രാജ മന്ത്രിസഭയിലെ നാല് മന്ത്രിമാരുള്‍പ്പെടെ 11 വിമത നേതാക്കളെ രാജസ്ഥാന്‍ ബിജെപി പുറത്താക്കി. സസ്പെഡ് ചെയ്ത നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി വ്യാഴാഴ്ച ബിജെപി സര്‍ക്കുലറിലൂടെ അറിയിച്ചു.
ഡിസംബർ 7ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞടുപ്പിന് നല്‍കിയ പത്രിക പിന്‍വലിക്കാന്‍ തയ്യാറാവാത്തതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ നടപടി. സുരേന്ദ്രന്‍ ഗോയല്‍, ലക്ഷ്മിനാരായണ്‍ ഡാവെ, രാധേശ്യാം ഗംഗാനഗര്‍, ഹേംസിംഹ് ഭാദന, രാജ്കുമാര്‍ റിനാവ, രാമേശ്വര്‍ ഭാട്ടി, കുല്‍ദീപ് ദന്‍കഡ്, ദീന്‍ദയാല്‍ കുമാവത്ത്, കിഷന്‍ റാം നായ്, ധന്‍സിങ് റാവത്ത്, അനിത കട്ടാര എന്നിവരെയാണ് പുറത്താക്കിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി വിമതർ ഇതിനോടകം തന്നെ നാമനിര്‍ദേശ പത്രിക നല്‍കി കഴിഞ്ഞു. ഇത്തരത്തിൽ രാജസ്ഥാനിൽ ബിജെപിക്കൊപ്പം കോണ്‍ഗ്രസ്സും വിമത വെല്ലുവിളി നേരിടുന്നുണ്ട്. 40 വിമതരാണ് കോൺഗ്രസ്സിന് വെല്ലുവിളിയായി നിൽക്കുന്നത്.
രാജസ്ഥാനില്‍ നിയസഭ തെരഞ്ഞെടുപ്പില്‍ വസുന്ധര രാജയുടെ നേതൃത്വത്തിലാകും ബിജെപി മത്സരിക്കുകയെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. വസുന്ധര രാജ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രശംസ നേടിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനമാക്കിയായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരങ്ങള്‍ നടത്തേണ്ടതെന്നും അമിത് ഷാ നിര്‍ദേശം നല്‍കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്നും വസുന്ധര രാജ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ഛത്തിസ്ഗഢിലും മധ്യപ്രദേശിലും ബിജെപി വീണ്ടും സര്‍ക്കാരുകള്‍ രൂപീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam