ആ കുഞ്ഞുങ്ങളോട് പ്രധാനമന്ത്രി പറഞ്ഞത് കേട്ട് കണ്ണുതുടച്ച് രാജ്യം

By Web DeskFirst Published Jun 18, 2017, 3:32 PM IST
Highlights

ജയ്പൂര്‍: സൂരജും സലോനിയും നിറകണ്ണുകളോടെ എഴുതിയ കത്ത് കണ്ട് പ്രധാനമന്ത്രിയുടെ കണ്ണും നിറഞ്ഞിരിക്കണം. മരിച്ചുപോയ അമ്മ അവര്‍ക്കായി കരുതിവച്ചിരുന്ന 96,500 രൂപ പുതിയ നോട്ടായി മാറിയെടുക്കാനുള്ള സമയം കഴിഞ്ഞെന്നു പറഞ്ഞ് കൈമലര്‍ത്തിയ റിസര്‍വ് ബാങ്കിനെ തിരുത്തി സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ എത്തിയത് തന്നെ അതിന് തെളിവ്. ഇവര്‍ക്ക് 50,000 രൂപ നല്‍കാനും പ്രധാനമന്ത്രിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ത്തു പ്രീമിയം തുകയായ 1710 രൂപ അടയ്ക്കാനുമാണു നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയത്.

രാജസ്ഥാനിലെ കോട്ടയിലെ സഹ്‌രാവാദ സ്വദേശികളായ സൂരജ് ബന്‍ജാറയുടെയും (17) അനുജത്തി ഒമ്പതുവയസ്സുകാരി സലോനിയുടെയും കഥ രാജ്യത്തിന്‍റെ നൊമ്പരമായി മാറിയിട്ട് കഴിഞ്ഞ കുറച്ചുനാളായി. അച്ഛന്‍ നേരത്തേ മരിച്ചുപോയ കുട്ടികള്‍ക്കു നാലുവര്‍ഷം മുമ്പാണ് അമ്മയെയും നഷ്ടപ്പെടുന്നത്. തുടര്‍ന്ന് അഭയകേന്ദ്രത്തിലായിരുന്നു താമസം. വീട് അടച്ചുമിട്ടു.

അടുത്തിടെ അഭയകേന്ദ്രം അധികൃതര്‍ ഇവരെയും കൂട്ടി വീട്ടിലെത്തിയതോടെയാണ് കുട്ടികള്‍ വാര്‍ത്തയില്‍ നിറയുന്നത്.  വീട്ടിലെ മുറി തുറന്നപ്പോള്‍ 96,500 രൂപയും ഏതാനും ആഭരണങ്ങളും ലഭിച്ചു. കൂലിവേലക്കാരിയായ അമ്മ ഇവര്‍ക്കായി കരുതിയ സമ്പാദ്യമായിരുന്നു ഇത്. പഴയ നോട്ടുകളായിരുന്നതിനാല്‍ മാറ്റിക്കിട്ടാന്‍ റിസര്‍വ് ബാങ്കിന് കത്തയച്ചെങ്കിലും മറുപടി അനുകൂലമായിരുന്നില്ല. തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്.

50,000 രൂപ കൊണ്ട് എല്ലാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകില്ലെന്നറിയാമെങ്കിലും അല്‍പമെങ്കിലും ആശ്വാസം പകരട്ടെയെന്നു പ്രത്യാശ പ്രകടിപ്പിച്ചു മോദി എഴുതിയ കത്തും സൂരജിനും സലോനിക്കും കിട്ടി.

click me!