
ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാന്‍ ഗവർണർക്ക് ശുപാർശ നല്‍കാൻ തമിഴ്നാട് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള നടപടികള്‍ ഇന്നുതന്നെ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ഡി.ജയകുമാർ പറഞ്ഞു.
ചട്ടം 161 പ്രകാരം തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. അതുപയോഗിച്ചാണ് തമിഴ്നാട് മന്ത്രിസഭ രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാൻ തീരുമാനമെടുത്തത്. ഗവർണർ അനുകൂലനിലപാടെടുക്കുമെന്നും, ഇക്കാര്യത്തില്‍ ഇനി തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ഫിഷറീസ് വകുപ്പ് മന്ത്രി ഡി. ജയകുമാർ പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ഗവർണർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിസഭ പ്രത്യേകയോഗം ചേർന്ന് ഗവർണർക്ക് ശുപാർശ നല്‍കാൻ തീരുമാനിച്ചത്. പേരറിവാളന്‍, നളിനി, മുരുകന്‍, ശാന്തന്‍ എന്നിവര്‍ വെല്ലൂര്‍ ജയിലിലും രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ മധുര ജയിലിലുമാണ് ഇപ്പോഴുള്ളത്. നേരത്തെ 2016 ല്‍ ജയലളിത ഏഴുപേരെയും പേരെയും വിട്ടയക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ എതിർക്കുകയായിരുന്നു. കേന്ദ്ര ഏജൻസി അന്വേഷിച്ച കേസായതിനാല്‍ സംസ്ഥാനസർക്കാരിന് വിട്ടയക്കാൻ അധികാരമില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam