രാജിവ് ഗാന്ധിക്ക് മാത്രം അറിയാമായിരുന്ന വാജ്പേയിയുടെ രഹസ്യം

By Web TeamFirst Published Aug 16, 2018, 7:59 PM IST
Highlights

1991 ല്‍ രാജീവ് ഗാന്ധി അന്തരിച്ചതിന് ശേഷം കരണ്‍ താപ്പാറുമായി നടന്ന ഒരു അഭിമുഖത്തിലാണ് വാജ്പേയി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

ദില്ലി: രാഷ്ട്രീയത്തിന് അതീതമായി നേതാക്കള്‍ ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന നിരവധി അനുഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ടാവും എന്നാല്‍, തന്‍റെ രാഷ്ട്രീയ എതിരാളിയുടെ രോഗവിവരം അറിഞ്ഞ്  ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നതിനായി അദ്ദേഹത്തെ യുഎസ്സിലേക്ക് അയ്ക്കുക എന്ന വലിയ മനസ്സ് കാണിച്ച സംഭവം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുറവാകും.
 
അന്ന് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കുന്ന സമയം. എ ബി വാജ്പേയിക്ക് വൃക്ക സംബന്ധമായ ഗുരുതരമായ രോഗം പിടിപെട്ടു. ഈ വിവരം മറ്റ് പലരും അറിയും മുന്‍പേ രാജീവ് ഗാന്ധിയുടെ ചെവിയിലെത്തി. 

വൃക്ക രോഗം ചികിത്സിക്കാന്‍ ഏറ്റവും നല്ല സംവിധാനമുളളത് യുഎസ്സിലാണെന്ന് മനസ്സിലാക്കിയ രാജീവ് ഗാന്ധി ഒരു ദിവസം വാജ്പേയിയെ അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് വിളിച്ചു. ഓഫീസിലെത്തിയ വാജ്പേയിയോട് അദ്ദേഹം പറഞ്ഞു. "ഐക്യരാഷ്ട്ര സഭയിലേക്ക് പോകുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഞാന്‍ അങ്ങയെയും ഉള്‍പ്പെടുത്താന്‍ പോവുകയാണ്. അങ്ങ് യുഎസ്സില്‍ പോയി വൃക്ക രോഗത്തിന് ചികിത്സ തേടണം". 

1991 ല്‍ രാജീവ് ഗാന്ധി അന്തരിച്ചതിന് ശേഷം കരണ്‍ താപ്പാറുമായി നടന്ന ഒരു അഭിമുഖത്തിലാണ് വാജ്പേയി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇത് പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു "ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതിന് കാരണം തന്നെ അന്ന് ന്യൂയോര്‍ക്കില്‍ പോയി ചികിത്സ തേടിയത് കാരണമാണെന്നാണ്" അദ്ദേഹം അന്ന് അഭിമുഖത്തില്‍ പറഞ്ഞത്.

രാഷ്ട്രിയത്തിന് അതീതമായി രാജീവ് ഗാന്ധിയും വാജ്പേയും തമ്മില്‍ സൂക്ഷിച്ചിരുന്ന ആത്മബന്ധം എത്രമാത്രം വലുതായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു വാജ്പേയി അന്ന് നടത്തിയ ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍.      

click me!