
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ജന്മം കൊണ്ട് പിന്നോക്ക ജാതിക്കാരൻ ആണെങ്കിലും കർമം കൊണ്ട് മാടമ്പിയാണെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കോടിയേരി ബാലകൃഷ്ണൻ നമ്പ്യാരാണ്. ജന്മം കൊണ്ടും കർമ്മം കൊണ്ടും കോടിയേരി ബാലകൃഷ്ണൻ മാടമ്പിയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. നിരവധി തീയന്‍മാരെയും മുസ്ലീങ്ങളെയും കൊന്നുതള്ളിയ ആളാണ് പിണറായി വിജയൻ എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍റെ മറ്റൊരു ആരോപണം. പിണറായി വിജയൻ ഏറ്റവും കൂടുതൽ കൊന്നുതള്ളിയത് കണ്ണൂർ കാസർകോട്, കോഴിക്കോട് ജില്ലകളിലെ തീയന്മാരെ ആണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ടുണ്ടെന്നും അതിന്‍റെ വീഡിയോ തന്‍റെ കയ്യിലുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ അവകാശപ്പെട്ടു.
പിണറായിയും വെള്ളാപ്പള്ളിയും കൂടി സിപിഎമ്മിനും ബിജെപിക്കും ഇടയിൽ പാലം പണിയുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനാണ് ബിഡിജെഎസിന്‍റെ സ്ഥാപകൻ. അദ്ദേഹത്തിന്‍റെ മകനാണ് ബിഡിജെഎസിന്‍റെ നേതാവ്. ബിജെപിക്കും സിപിഎമ്മിനും ഇടയിൽ പാലം പണിഞ്ഞുകൊണ്ട് ഇരുവരും 'മാച്ച് ഫിക്സിംഗ്' നടത്തുകയാണ്. ശബരിമലയിൽ അക്രമം നടത്തിയ വത്സൻ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതും ലാവലിൻ കേസിൽ വാദം കേൾക്കാൻ തയ്യാറാണെന്ന് ജഡ്ജി പറഞ്ഞിട്ടും സിബിഐയുടെ അറ്റോണി ജനറൽ കേസ് മാറ്റിവയ്ക്കാൻ പറഞ്ഞത് ബിജെപി സിപിഎം ബന്ധത്തിന് തെളിവാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
കണിച്ചുകുളങ്ങര ദേവസ്വത്തിന് മൂന്നരക്കോടി രൂപയുടെ സർക്കാർ സഹായം കൊടുത്തത് സാമുദായിക പ്രീണനമാണ്. സാമൂഹ്യ നവോത്ഥാനമാണ് സർക്കാരിന്‍റെ പദ്ധതിയെങ്കിൽ ശിവഗിരിക്കോ അരുവിപ്പുറത്തിനോ ധനസഹായം കൊടുക്കണമായിരുന്നു. സുകുമാരൻ നായരെ പ്രീണിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചിട്ടും എൻഎസ്എസിനെ സ്വാധീനിക്കാൻ പറ്റാതെ വന്നപ്പോഴാണ് സിപിഎം വെള്ളാപ്പള്ളിയെ സ്വാധീനിക്കാൻ നോക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam