
മുപ്പത് രാജ്യസഭാസീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കവേ രാജ്യത്തിന്റെ ശ്രദ്ധ വീണ്ടും ഉത്തർപ്രദേശിലേക്ക് തിരിയുകയാണ്. എട്ട് സീറ്റുകൾ വിജയിക്കാൻ കഴിയുന്ന ബിജെപി ഒമ്പതാമത്തെ സീറ്റ് പിടിക്കാൻ ചില കോൺഗ്രസ് എംഎൽഎമാരെ സമീപിച്ചെന്നാണ് സൂചന. എസ്‍പി- ബിഎസ്‍പി സഖ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിലും തെരഞ്ഞെടുപ്പ് ഫലം പ്രധാനമാകും.
ഉത്തർപ്രദേശിലെ പത്തു സീറ്റിൽ എട്ടു സീറ്റിൽ ബിജെപിക്കും ഒരു സീറ്റിൽ സമാജ്‍വാദി പാർട്ടിക്കും അനായാസം ജയിക്കാനാകും. എന്നാൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി ഉൾപ്പടെ ഒമ്പതു സ്ഥാനാർത്ഥികളെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഗുജറാത്തിൽ കണ്ടതു പോലെ എങ്ങനെയും ഒമ്പതാമത്തെ സീറ്റു കൂടി വിജയിക്കാനാണ് ബിജെപി ശ്രമം. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ ഒരു ബിജെപി എംഎൽഎയുടെ മരണത്തെ തുടർന്ന് നിലവിൽ 402 അംഗങ്ങളാണുള്ളത്. ഇതിൽ ബിജെപിയും സഖ്യകക്ഷികളായ അപ്‍നാദൾ, എസ്ബിഎസ്‍പി എന്നിവയും ചേർന്നാൽ 324 പേരുണ്ട്. ഒരു സീറ്റ് വിജയിക്കാൻ 37 പേരുടെ വോട്ട് വേണം. എട്ടു പേരെ വിജയിപ്പിച്ചു കഴിഞ്ഞു ബിജെപിക്ക് 28 എംഎൽഎമാർ ബാക്കിയുണ്ടാകും. ഒമ്പത് പേർ കൂടി വോട്ടു ചെയ്‍താൽ ഒരംഗത്തെ കൂടി വിജയിപ്പിക്കാം. സമാജ് വാദി പാർട്ടിയുമായി തെറ്റിയ നിതിൻ അഗർവാളും മൂന്ന് സ്വതന്ത്രരും ചേർന്നാലും അഞ്ച് പേർ കൂടി വേണം. കോൺഗ്രസിന്റെ ഏഴ് അംഗങ്ങളിൽ ചിലരെയാണ് ബിജെപി ലക്ഷ്യം വയ്‍ക്കുന്നത്. ഇതേ തുടർന്ന് രാജ് ബബ്ബറിന്റെ നേതൃത്വത്തിൽ നാല് കോൺഗ്രസ് നേതാക്കൾ പാർട്ടിയിലെ കൂറുമാറ്റം തടയാൻ രംഗത്തുണ്ട്. 47 അംഗങ്ങളുള്ള എസ്‍പി ഒരംഗത്തെ വിജയിപ്പിച്ചു കഴിഞ്ഞാൽ 10 എംഎൽഎമാരുടെ വോട്ട് ബിഎസ്‍പി സ്ഥാനാർത്ഥി ഭീംറാവു അംബേദ്ക്കർക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ നിതിൻ അഗർവാൾ കൂറുമാറും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മായാവതിയുടെ 19 പേരും എസ്‍പിയുടെ ഒമ്പതു പേരും കോൺഗ്രസിന്റെ ഏഴ് പേരും ചേർന്നാൽ 35 ആയി. രാഷ്‍ട്രീയ ലോക്ദൾ, നിഷാദ് പാർട്ടി എന്നിവയുടെ ഓരോ എംഎൽഎമാർ കൂടി പിന്തുണച്ചാൽ സ്വതന്ത്രരുടെ വോട്ടില്ലാതെ തന്നെ ബിഎസ്‍പിക്ക് വിജയിക്കാം. രാജ്യസഭാ തെരഞ്ഞെടുപ്പിലെ സഹകരണം ലക്ഷ്യമാക്കിയാണ് മായാവതി ഗോരഖ്പൂർ, ഫൂൽപൂർ തെരഞ്ഞെടുപ്പുകളിൽ എസ്‍പിപിയെ പിന്തുണച്ചത്. അതിനാൽ രാജ്യസഭാ ഫലം എസ്‍പി-ബിഎസ്‍പി സഖ്യത്തിന്റെ ഭാവിയും നിർണ്ണയിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam