'ഉന്നൈ കാണാതെ നാൻ ഇൻട്രു നാൻ ഇല്ലയേ': സോഷ്യൽ മീഡിയയിൽ തരം​ഗമായി രാകേഷ്

Sumam Thomas |  
Published : Jun 29, 2018, 02:21 PM ISTUpdated : Oct 02, 2018, 06:47 AM IST
'ഉന്നൈ കാണാതെ നാൻ ഇൻട്രു നാൻ ഇല്ലയേ': സോഷ്യൽ മീഡിയയിൽ തരം​ഗമായി രാകേഷ്

Synopsis

രാകേഷ് ശാസ്ത്രീയമായി സം​ഗീതം പഠിച്ചിട്ടില്ല നൂറനാട് സ്വദേശിയായ രാകേഷിന് തടിപ്പണിയാണ് ജോലി

ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്. അപ്രതീക്ഷിതമായ ചില സന്തോഷങ്ങളിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോകും. ഒരിക്കലും കാണാത്തവരും കേൾക്കാത്തവരും നമ്മുടെ സന്തോഷങ്ങൾക്ക് കാരണക്കാരാകും. അങ്ങനെയൊരു സന്തോഷദ്വീപിലാണ് നൂറനാട് സ്വദേശി രാകേഷ്. നാല് ദിവസങ്ങളായി വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും രാകേഷിന്റെ പാട്ടാണ് താരം. തലയിലൊരു തോർത്തു കെട്ടി ​റബർ തോട്ടത്തിലിരുന്ന് കൂടെ ജോലി ചെയ്തു കൊണ്ടിരുന്ന ചേട്ടന് വേണ്ടി രാകേഷ് ഒരു പാട്ട് പാടി. ജോലി സ്ഥലത്തുണ്ടായിരുന്ന കൂട്ടുകാരൻ വീഡിയോ എടുത്ത് വാട്ട്സ് ആപ്പിൽ പോസ്റ്റ് ചെയ്തു. 

നാലു ദിവസം മുമ്പാണ് ഇത് സംഭവിച്ചത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ആരാണീ പാട്ടുകാരനെന്നായി സോഷ്യൽ മീഡിയ. ആളെ കണ്ടെത്തുകയും ചെയ്തു. ഫോണിലേക്ക് കോളുകൾ വന്നു തുടങ്ങിയപ്പോഴാണ് ചുമ്മാതെ പാടിയ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കിയ വിവരം രാകേഷ് അറിയുന്നത്. പാട്ട് കേട്ടവരൊക്കെ പിന്നെയും പിന്നെയും കേട്ട് ഷെയർ ചെയ്തു കൊണ്ടേയിരുന്നു. 

 

''ആരൊക്കെയോ വിളിച്ചു. എല്ലാവരും അഭിനന്ദിക്കാനാണ് വിളിക്കുന്നത്. പന്തളം ബാലൻ സാർ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ എന്റെ പാട്ട് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. അദ്ദേ​ഹം അഭിനന്ദനം അറിയിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി. അങ്ങനെ ഒരുപാട് പേർ. അതാരൊക്കെയാണെന്ന് പോലും എനിക്കറിയില്ല. ദാ ഇപ്പോഴും കോളുകൾ വന്നു കൊണ്ടിരിക്കുകയാണ്. എനിക്ക് തടിപ്പണിയാണ് ജോലി. പണി സ്ഥലത്ത് വച്ച് ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവർപയ്യനാണ് വീഡിയോ എടുത്തത്. അവന്റെ പേര് എനിക്ക് കൃത്യമായി അറിയില്ല. സൈറ്റിലുണ്ടായിരുന്ന ഒരു ചേട്ടന് പാടിക്കൊടുത്ത പാട്ടാണിത്. വാട്ട്സ്ആപ്പിൽ ആ വീഡിയോ കൊടുത്തതും അവനാണ്.'' 
രാകേഷിനിപ്പോഴും അത്ഭുതം മാറിയിട്ടില്ല. കമൽ ചിത്രമായ വിശ്വരൂപത്തിലെ 'ഉന്നൈ കാണാതെ നാൻ ഇൻട്രു നാൻ ഇല്ലയേ' എന്ന പാട്ടാണ് രാകേഷിനെ താരമാക്കിയത്. ശങ്കർ മഹാദേവനും കമൽഹാസനും ചേർന്നാണ് സിനിമയിൽ ഈ പാട്ട്  പാടിയിരിക്കുന്നത്. 

ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിയാണ് രാകേഷ്. പഠിക്കുന്ന സമയത്ത് പാട്ടിന് നിരവധി സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടെന്ന് രാകേഷ് പറയുന്നു. ശാസ്ത്രീയമായി സം​ഗീതം പഠിക്കാതെയാണ് രാകേഷ് ഇത്രയും മനോഹരമായി പാടുന്നതെന്ന് അറിയുമ്പോൾ കേൾവിക്കാരുടെ അത്ഭുതം ഇരട്ടിയാകുന്നു. സം​ഗീതത്തിന്റെ വഴിയിലൂടെ സ്ഥിരമായി സഞ്ചരിച്ചാലോ എന്നൊരു ആലോചനയും തനിക്കുണ്ടെന്ന് രാകേഷിന്റെ വാക്കുകൾ. എന്തായാലും സോഷ്യൽ മീഡിയ രാകേഷ് എന്ന പാട്ടുകാരനെയും ഏറ്റെടുത്തു കഴിഞ്ഞു.  


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ
ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം