വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും ഫെബ്രുവരി 21ന് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും; സ്വാമി സ്വരൂപാനന്ദ്

Published : Jan 31, 2019, 02:21 PM IST
വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും ഫെബ്രുവരി 21ന് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും; സ്വാമി സ്വരൂപാനന്ദ്

Synopsis

ചടങ്ങിനെത്തുന്നവർക്കു നേരെ വെടിയുതിർക്കുമെന്നുള്ള ഭീഷണി ഉയർന്നാലും വകവെക്കില്ലെന്നും സ്വാമി സ്വരൂപാനന്ദ പറഞ്ഞു. പ്രയാഗ് രാജിലെ കുംഭ മേളയ്ക്കിടെ ചേർന്ന സന്യാസി സമ്മേളനത്തിലാണ് ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനവുമായി മുന്നോട്ട് പോകുമെന്ന് സ്വരൂപാനന്ദ പ്രഖ്യാപിച്ചത്.

പ്രയാഗ് രാജ്: അയോധ്യയിൽ രാമക്ഷേത്രം നിർ‌മ്മിക്കുന്നതിന് മുമ്പായുള്ള പൂജാ കർമ്മങ്ങൾ ഫെബ്രുവരി 21ന് നടത്തുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി. ചടങ്ങിനെത്തുന്നവർക്കു നേരെ വെടിയുതിർക്കുമെന്നുള്ള ഭീഷണി ഉയർന്നാലും വകവെക്കില്ലെന്നും സ്വാമി സ്വരൂപാനന്ദ പറഞ്ഞു. പ്രയാഗ് രാജിലെ കുംഭ മേളയ്ക്കിടെ ചേർന്ന സന്യാസി സമ്മേളനത്തിലാണ് ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനവുമായി മുന്നോട്ട് പോകുമെന്ന് സ്വരൂപാനന്ദ പ്രഖ്യാപിച്ചത്.

അയോധ്യയിൽ തർക്കഭൂമിക്കു പുറത്തുള്ള അധിക ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകാൻ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് തിയതി പ്രഖ്യാപിച്ച് കൊണ്ടുള്ള ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ പ്രസ്താവന. തര്‍ക്കമന്ദിരത്തിന് പുറത്തുള്ള ഭൂമി രാം ജന്മഭൂമി ന്യാസിൻ്റെ 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുമതി നൽകണമെന്ന് കാണിച്ചാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാം ജന്മഭൂമി ന്യാസാണ്.

കുംഭമേളയിൽ സംഘടിപ്പിച്ച മത പാർലമെന്റിൽ വെച്ച് ദ്വാരകാ പീഠത്തിലെ ശങ്കരാചാര്യർ ശിലാന്യാസം( ശിലാസ്ഥാപനം) എന്ന ഈ ചടങ്ങിലേക്ക് നാല് ഇഷ്ടിക വീതം എടുത്തു കൊണ്ട് കടന്നുവരാൻ ഭാരതത്തിലെ എല്ലാ ഹിന്ദുമത വിശ്വാസികളോടും ആഹ്വാനം ചെയ്തിരിക്കുകയാണ് സ്വരൂപാനന്ദ. ആഹ്വാനം എന്നതിലുപരി ഒരു മത ശാസനം എന്ന പേരിലാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഫെബ്രുവരി പത്തിന് വാസന്ത പഞ്ചമിക്കു ശേഷം പ്രയാഗ് രാജിൽ നിന്നും സന്യാസിമാരുടെ റാലി അയോധ്യ ലക്ഷ്യമാക്കി പുറപ്പെടുമെന്നും ശങ്കരാചാര്യർ അറിയിച്ചിരിക്കുന്നു. 'തടുക്കാൻ വെടിയുണ്ടകൾ വന്നാലും വകവെക്കില്ല ' എന്നുവരെ ശങ്കരാചാര്യർ പറഞ്ഞതായാണ് പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

വിശ്വഹിന്ദുപരിഷത്തും ആർഎസ്എസും അയോധ്യയിൽ രാമക്ഷേത്രത്തിനായി ഓർഡിനൻസ് ഇറക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓർഡിനൻസ് ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയിരുന്നു. സുപ്രീംകോടതി മുൻപാകെയുള്ള വിഷയത്തിൽ തീരുമാനം വരെട്ടെയെന്നാണ് ഇതുസംബന്ധിച്ച് മോദി വ്യക്തമാക്കിയത്.

ലോക്സഭയിൽ തികഞ്ഞ ഭൂരിപക്ഷമുണ്ടായിട്ടും അയോധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കാനാവശ്യമായ നിയമം നിർമ്മിക്കാൻ ശ്രമിക്കാത്ത എൻഡിഎ സർക്കാരിനെ ശങ്കരാചാര്യർ നിശിതമായി വിമർശിച്ചു. സവർണറിലെ ദരിദ്രർക്ക് സംവരണം നൽകാനുള്ള നിയമം പാസ്സാക്കുന്ന സമയത്ത് ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ഇക്കാര്യത്തിലും വളരെ എളുപ്പത്തിൽ നിയമം കൊണ്ടുവരാവുന്നതല്ലേയുള്ളൂ എന്ന് അദ്ദേഹം ചോദിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജയ് ശ്രീ റാം വിളിച്ച് ബിജെപി, ലോക്സഭ നിർത്തിവച്ചു
ബംഗാളിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ