
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ദമ്പതികൾക്ക് പൊലീസ് മർദ്ദനമേറ്റെന്ന് ബന്ധുക്കൾ ആരോപിച്ചതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.
സിപിഎം നഗരസഭാംഗത്തിന്റെ പരാതിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട ചങ്ങനാശ്ശേരി സ്വദേശികളായ ദമ്പതികളെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്വര്‍ണ്ണപ്പണിക്കാരായ ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. വാകത്താനത്തെ വാടക വീട്ടിൽ തൊട്ടടുത്ത് താമസിക്കുന്ന സഹോദരനെ ഫോണിൽ വിളിച്ച ശേഷമായിരുന്നു ആത്മഹത്യ. ഇവരെ മോഷണക്കുറ്റത്തിനാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്.
ചെങ്ങനാശ്ശേരി നഗരസഭാംഗവും സിപിഎം ലോക്കൽകമ്മിറ്റി അംഗവുമായ സജി കുമാറിൻറെ പരാതിയിലാണ് പോലീസ് ചോദ്യംചെയ്തത്. സജി കുമാറിന്റെ വീട്ടിൽ സ്വർണപ്പണിക്കാരനായിരുന്നു സുനിൽ കുമാറും രേഷ്മയും. സജികുമാർ നിർമ്മിച്ച് നൽകാൻ ഏൽപ്പിച്ച 600 ഗ്രാമോളം വരുന്ന 44 വളകൾ നഷ്ടമായെന്നായിരുന്നു പരാതി. ഇ രു വരേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ് ഐ പി എ ഷമീർ ഖാൻ ചോദ്യം ചെയ്തു. സ്വർണം തിരിച്ച് കൊടുക്കാമെന്ന ഉറപ്പിലാണ് ഇരുവരേയും വിട്ടയച്ചതെന്നും മർദ്ദിച്ചിട്ടില്ലെന്നും എസ് ഐ വിശദീകരിച്ചു. എന്നാൽ മർദ്ദനമേറ്റെ ന്നാണ് ബന്ധുക്കളുടെ പരാതി. ആത്മഹത്യാക്കുറിപ്പ് പൊലീസ് മറച്ചുവെച്ചുവെന്നും പരാതിയുണ്ട്.
പൊലീസ് മര്‍ദ്ദനമാരോപിച്ച് കോൺഗ്രസും ബിജെപിയും ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കേസില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവം വിവാദത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി എസ്ഐ ഷമീര്‍ഖാനെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കിൽ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഭവത്തില്‍ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തുമെന്ന് എസ്പി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam