കൊച്ചി റിനൈ മെഡിസിറ്റിയിലെ ശ്വാസകോശ രോഗ വിദഗ്ദ്ധൻ ഡോ. കെ സി ജോയ് (75) അന്തരിച്ചു. കോലഞ്ചേരിയിലെ തറവാട്ടു വീട്ടിലെ കിണറ്റിൽ വീണാണ് മരണം സംഭവിച്ചത്. വീട് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചി: കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലെ ശ്വാസകോശ രോഗ വിദഗ്ദ്ധൻ ഡോ. കെ സി ജോയ് അന്തരിച്ചു. 75 വയസായിരുന്നു. തമ്മാനി മറ്റം പാറേക്കാട്ടിക്കവല കാട്ടുമറ്റത്തിൽ കുടുംബാംഗമാണ്. കോല‍ഞ്ചേരിയിലെ തറവാട് വീട്ടിലെ കിണറ്റിൽ വീണാണ് മരണം സംഭവിച്ചതെന്നാണ് വിവരം. വീടും പരിസരവും ശുചിയാക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. എറണാകുളം നഗരത്തിലാണ് ഏറെക്കാലമായി ഇദ്ദേഹം താമസിച്ചിരുന്നത്. ഇടക്ക് കോലഞ്ചേരിയിലെ തറവാട് വീട് വൃത്തിയാക്കാനും മറ്റും പോകാറുണ്ടായിരുന്നു. വ്യാഴാഴ്‌ച രാവിലെയും ഇതിനായാണ് ഇദ്ദേഹം കോലഞ്ചേരിയിലെത്തിയത്. എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ കിട്ടിയില്ല. തുടർന്ന് കോലഞ്ചേരിയിലെ വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് ഡോക്‌ടറെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. പട്ടിമറ്റം അഗ്നി രക്ഷാനിലയത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജോയ്‌സി. മക്കൾ: ജിക്സൺ (യുഎസ്എ), സിന്ധ്യ (ഓസ്ട്രേലിയ), മരുമക്കൾ: സിനി, ഗോഡ്സൺ. സംസ്കാരം പിന്നീട് നടത്തും.