സാലറി ചലഞ്ചിലെ സുപ്രീംകോടതി വിധി: സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല

Published : Oct 29, 2018, 02:55 PM IST
സാലറി ചലഞ്ചിലെ സുപ്രീംകോടതി വിധി: സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല

Synopsis

സാലറി ചലഞ്ചിലെ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയെന്ന് പ്രതിപക്ഷം. വിസമ്മത പത്രം തിരികെ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി ചെലവ് മുഖ്യമന്ത്രിയില്‍ നിന്ന് ഈടാക്കണമെന്നും ചെന്നിത്തല.   

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ എടുത്ത് കളഞ്ഞ ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി ശരിവെച്ചത് സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിന് ഏറ്റ വന്‍തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും സുപ്രീംകോടതിയിലെ നിയമയുദ്ധത്തിലേക്ക് വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശിയാണ്. മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്നും കോടതിചെലവിനുള്ള തുക ഈടാക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വടി കൊടുത്ത് അടിവാങ്ങുന്നത് പോലെ സുപ്രീം കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണിത്. സംഭാവന നല്‍കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നു പറയുന്നത് ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും  ഇതിനകം വാങ്ങിയ വിസമ്മതപത്രം തിരികെ നല്‍കണം. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ പൊതുജനമധ്യത്തില്‍ അവഹേളിക്കാന്‍ ശ്രമിച്ച ധനമന്ത്രി ഡോ.തോമസ് ഐസക്ക് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. 

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി ഒറ്റക്കെട്ടായി നിന്ന ജനതയെ രണ്ടാക്കാന്‍ മാത്രമാണ് സാലറി ചലഞ്ച് കൊണ്ട് കഴിഞ്ഞത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ അന്തസും അഭിമാനവും സാമ്പത്തിക ഭദ്രതയും നിലനിര്‍ത്തികൊണ്ട് തുക സംഭാവന ചെയ്യാന്‍ ഉതകുന്ന തരത്തില്‍ ഉത്തരവ് മാറ്റി എഴുതണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നു സുപ്രീംകോടതി തന്നെ നിരീക്ഷിച്ച സാഹചര്യത്തില്‍ പ്രത്യേക അക്കൗണ്ട് വേണമെന്ന യുഡിഎഫ് ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിച്ചു. പിടിവാശി ഉപേക്ഷിച്ചു പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് എല്ലാവിഭാഗങ്ങളെയും ഒരുമിച്ചു നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ടു പോകണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ