
തിരുവനന്തപുരം:പ്രളയത്തിൻറെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷനേതാവ്. ചെറുതോണി ഒഴികെ മറ്റൊരു അണക്കെട്ടും തുറക്കും മുമ്പ് മുന്നറിയിപ്പ് നൽകിയില്ലെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു.
ചെറുതോണിയിലൊഴികെ മറ്റ് ഒരിടത്തും ആളുകൾ അലർട്ടുകൾ അറിഞ്ഞില്ല. ചെറുതോണി തന്നെ നേരത്തെ തുറക്കേണ്ടിയിരുന്നു. ആഗസ്റ്റ് 15ന് രാത്രി എല്ലാ അണക്കെട്ടും കളും തുറന്നുവെന്നും ജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടു. അപ്പോഴേക്കും തലക്ക് മീതെ വെള്ളം ഉയർന്ന് ജനം പരക്കം പായുകയായിരുന്നു.
ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള പാഴ് വേലയാണ് മുഖ്യമന്ത്രി പറയുന്നത്. മുന്നറിയിപ്പ് കേട്ട് ഇറങ്ങി പോകാത്ത ജനങ്ങളാണോ മുഖ്യമന്ത്രിയുടെ മുന്നിൽ കുറ്റക്കാരെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഞാൻ പറയാത്ത കാര്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
രാജു എബ്രഹാമും വയനാട്ടിലെ എംഎൽഎമാരും ചീഫ് സെക്രട്ടറിയും വരെ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ചത് മുഖ്യമന്ത്രി ഓർക്കണം. രാജു എബ്രഹാമിന്‍റെ പ്രസ്താവന പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സർക്കാറിനെ പ്രതിരോധിക്കാൻ രാജുവിനെ തള്ളുന്നത്. സർക്കാറിനെതിരായ പ്രതിപക്ഷ വിമർശനം കേരളത്തിനുള്ള സഹായം കുറക്കുമെന്നാണ് എൽഡിഎഫ് നിലപാട്. എന്നാൽ വീഴ്ച തുറന്ന് കാണിക്കേണ്ടത് പ്രതിപക്ഷ ധർമ്മമാണെന്നാണ് യുഡിഎഫ് മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam