
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ആര്‍എസ്എസ് പരിശോധിച്ചിരുന്നെന്ന വല്‍സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സേനയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടിയാണിത്. മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അന്ന് സന്നിധാനത്ത് പൊലീസ് പോലും ആര്‍എസ്എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് തെളിവാണിത്. വത്സന്‍ തില്ലങ്കേരി അന്ന് പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്ന് മാത്രമല്ല പൊലീസുകാരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്.
സംസ്ഥാനത്തെ പൊലീസ് തന്നെ ആര്‍എസ്എസിന്റെ ചൊല്‍പ്പടിക്കും ദയാദാക്ഷണ്യത്തിനും വിധേയമായി നില്‍ക്കേണ്ടി വന്ന അവസ്ഥ ലജ്ജാകരമാണ്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയുമാണിത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയില്‍ വന്‍സുരക്ഷ ഒരുക്കിയിരുന്നെന്ന് പറയുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും മറ്റ് സംഘപരിവാര്‍ ശക്തികള്‍ക്കും അഴിഞ്ഞാട്ടത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകായണ് ചെയ്തത്. പരിപാവനമായ പതിനെട്ടാംപടിയില്‍ കയറി നിന്ന് അപമാനിച്ച സംഘപരിവാറുകാര്‍ ഭക്തരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് അതൊന്നും തടഞ്ഞില്ല. ശബരിമലയെ ആര്‍എസ്എസിനും ബിജെപിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും അടിയറവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
''സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസില്‍ ഒരാളുടെ ഭര്‍ത്താവിന്‍റെ പ്രായം 49 ആണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതോടെ ഉദ്യോഗസ്ഥയുടെ പ്രായം 49 ല്‍ താഴെയാകുമെന്ന ആശങ്കയുണ്ടായി. തുടര്‍ന്ന് എസ്പി മാരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സന്നിധാനത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സന്നിധാനത്തുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചു''വെന്നാണ് തില്ലങ്കേരി കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ അവകാശപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam