
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്താനാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു ശ്രമിക്കുന്നത്. സുപ്രീംകോടതിയില്‍ തെറ്റായ വിവരം പോലും നല്‍കി ശബരിമല വിഷയം ആളിക്കത്തിച്ച് സംഘര്‍ഷം നിലനിര്‍ത്താനുള്ള ഹീന ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ല ഇത്.
സുപ്രീംകോടതി വിധിക്ക് ശേഷം 50 വയസിന് താഴെയുള്ള 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ലിസ്റ്റ് നല്‍കിയത്. പക്ഷേ ഈ സ്ത്രീകളുമായി മാധ്യമങ്ങള്‍ നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് അന്‍പത് വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്നാണ് തെളിഞ്ഞത്. ആ നിലയക്ക് സുപ്രീംകോടതിയില്‍ എന്തിന് തെറ്റായ വിവരം നല്‍കി എന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണം.
സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിവരം നല്‍കുമ്പോള്‍ അത് പൂര്‍ണ്ണമായും സത്യസന്ധമാകേണ്ടതുണ്ട്. തെറ്റായ വിവരം സുപ്രീംകോടതിയ്ക്ക് നല്‍കുക വഴി വലിയ തെറ്റാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ശബരിമല വിഷയത്തില്‍ തുടക്കം മുതലേ കള്ളക്കളിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വഴി പുറത്തു വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam