
മഹാരാഷ്ട്രയിലെ പ്രമാദമായ കോപാർഡി കൂട്ടമാനഭംഗ കൊലക്കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന സംഭവം വലിയ പ്രക്ഷോപത്തിനു കാരണമായിരുന്നു.
പതിനഞ്ചുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ജിതേന്ദര്‍ ഷിന്‍ഡെ, സന്തോഷ് ജി ഭാവല്‍, നിതിന്‍ ഭൈലൂം എന്നിവര്‍ക്കാണ് ജഡ്ജ് സുവര്‍ണ കേവാലെ വധ ശിക്ഷ വിധിച്ചത്. മാനഭംഗം, കൊലപാതകം, ക്രിമനല്‍ ഗൂഢാലോചന, പോക്സോ കുറ്റങ്ങൾ ചുമത്തിയാണ് വധശിക്ഷ വിധിച്ചത്. അഹമ്മദ്നഗര്‍ ജില്ലയിലെ കോപാര്‍ഡി ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13നായിരുന്നു സംഭവം. രാത്രിയില്‍ മുത്തശ്ശിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ കൊടുംപീഡനത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തോടും ക്രൂരത കാട്ടിയപ്രതികള്‍ കൈകള്‍ വെട്ടിമാറ്റുകയും കഴുത്തറുക്കുകയും ചെയ്‍തു. പ്രതികളെ ഉടന്‍ പിടികൂടിയെങ്കിലും മറാത്ത വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ മരണം സംസ്ഥാനമെമ്പാടും വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. നാസിക്ക്‍ ഉള്‍പ്പെടെ പലയിടത്തും ദലിതര്‍ക്കു നേരെ ആക്രമണമുണ്ടായി. സംഭവം നടന്ന് മൂന്നു മാസം കൊണ്ട് 350 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. ഉജ്വല്‍ നിഗമിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ചു. പ്രത്യേക കോടതിയിലാണു കേസ് പരിഗണിച്ചത്.24 സാഹചര്യത്തെളിവുകളും 31 സാക്ഷികളെയും ഹാജരാക്കി.
വിധി കേട്ട് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിയുടെ അമ്മ മകള്‍ക്ക് നീതി കിട്ടിയെന്നും വിധിയിൽ ആശ്വാസമുണ്ടെന്നും പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam