
കൊച്ചി: ജലന്ധർ കത്തോലിക്ക സഭയിലെ കന്യാസ്ത്രീയുടെ ബലാത്സംഗപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിലിന്റെ അനിശ്ചിതകാലനിരാഹാര സമരം കൊച്ചിയിൽ തുടരും. സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്, സ്റ്റീഫൻ എന്നിവരാണ് നിരാഹാരമിരിക്കുക.
പരാതി നൽകിയ കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുത്ത് ഇന്നലെ തുടക്കമിട്ട പ്രതിഷേധപരിപാടി ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് ജെസിസിയുടെ തീരുമാനം.
ഹൈക്കോടതി ജംങ്ഷനിലെ സമരപന്തലിലേക്ക് ഇന്ന് കന്യാസ്ത്രീയെ പിന്തുണക്കുന്ന കൂടുതൽ വിശ്വാസികളും പുരോഹിതരും കന്യാസ്ത്രീമാരും എത്തും. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ നടപടി ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കന്യാസ്ത്രീയുടെ കുടുംബം.
ബിഷപ്പിന്റെ അറസ്റ്റുണ്ടാകുന്നത് വരെ സമരരംഗത്തുണ്ടാകുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പിസി ജോർജ്ജിനെതിരെ നിയമസഭ സ്പീക്കർക്ക് പരാതി നൽകുമെന്ന് കന്യാസ്ത്രീയുടെ കുടുംബം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam