നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്രകുമാര്‍

By Web deskFirst Published Nov 29, 2017, 11:25 AM IST
Highlights

കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് അറിയിച്ച് വീരേന്ദ്രകുമാര്‍. നിതീഷ് കുമാറിന്റെ എംപിയായി തുടരാനില്ല. തീരുമാനം അദ്ദേഹത്തെ അറിയിച്ചുകഴിഞ്ഞു. എന്ന് രാജിവയ്ക്കും എന്നത് സാങ്കേതികം മാത്രമാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

കേരളത്തില്‍ പാര്‍ട്ടി ഇപ്പോള്‍ യുഡിഎഫിലാണ്. എല്‍ഡിഎഫിലേക്ക് പോകണോ എന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാനസമിതിയാണ് തീരുമാനിക്കേണ്ട്. അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നിലവില്‍ അത്തരമൊരു തീരുമാനെ എടുത്തിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. 

ശരത് യാദവ് പക്ഷം ദുര്‍ബലമാണെന്നും പാര്‍ട്ടി നിതീഷിന്റെ കൈകളിലാണെന്നും വിരേന്ദ്രകുമാര്‍ പറഞ്ഞു. ബിഹാറില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിജെപിയോടൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. നിതീഷ് കുമാറിന്റെ തീരുമാനങ്ങളെ തള്ളിയ ശരത് യാദവിനൊപ്പമാണ് ജെഡിയു കേരള ഘടകം.

എസ്ജെഡി പുനരുജ്ജീവിപ്പിച്ച് ജെഡിയു ഇടതുമുന്നണിയില്‍ ചേരാന്‍ നീക്കം നടക്കുന്നതായണ് സൂചന. എസ്ജെഡി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും വീരേന്ദ്രകുമാറും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ജെഡിയുവും ജെഡിഎസും തമ്മില്‍ ലയിക്കണമെന്നാണ് സിപിഎം നിര്‍ദ്ദേശം. 

അതേസമയം യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ് രംഗത്തെത്തി. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 5 മാസമായി പാര്‍ട്ടി കമ്മിറ്റി ചേര്‍ന്നിട്ടില്ലെന്നും വര്‍ഗ്ഗീസ് ജോര്‍ജ് പറഞ്ഞു. നിലവില്‍ ആരും യുഡിഎഫ് വിട്ടുപോകുന്ന അവസ്ഥ ഇല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ജെഡിയു യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. വീരേന്ദ്രകുമാറുമായും ശ്രേയാംസ് കുമാറുമായും സംസാരിച്ചു. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ജെഡിയു യോഗം ചേരുന്നത്. പടയൊരുക്ക യാത്രയുടെ ശോഭ കെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായും രമേശ് ചെന്നിത്തല.

വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണി പ്രവേശനത്തെ സിപിഎം ദേശീയ നേതൃത്വം സ്വാഗതം ചെയ്തു. എന്നാല്‍ ജെഡിയു ഔദ്യോഗികമായി തീരുമാനിക്കട്ടെ എന്നിട്ട് പ്രതികരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. യുഡിഎഫ് വിടുന്ന കാര്യം വീരേന്ദ്രകുമാര്‍ ആദ്യം തീരുമാനിക്കട്ടെ എന്നും ഇടതുമുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  

ജെഡിയുവിന് മുന്നണി മാറാന്‍ തടസ്സമില്ലെന്ന് ജെഡിയു നേതാവ് ശരത് യാദവ്. വീരേന്ദ്രകുമാറിന്റെ രാജിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വീരേന്ദ്രകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ശരത് യാദവ്.
 

click me!