
തിരുവനന്തപുരം: ഓണദിവസങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് വന്‍ വരുമാനം ലഭിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. കെഎസ്ആര്‍ടിസി മാനേജന്റിന്റെ ശക്തമായ ഇടപെടലും ഷെഡ്യൂള്‍-ഡ്യൂട്ടി പുനര്‍വിന്യാസവുമാണ് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍ നേടിക്കൊടുത്തത്. സാധാരണയായുള്ള പ്രതിദിന വരുമാനം 5.5 കോടി ആയിരുന്നെങ്കില്‍ ഓണദിവസങ്ങളില്‍ ഇത് ആറുകോടി കടന്നു. ഓണം അവധി തുടങ്ങുന്ന ഓഗസ്റ്റ്30 മുതല്‍ ചതയദിനമായ സെപ്റ്റംബര്‍ ആറുവരെയുള്ള കാലയളവില്‍ 46.48 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം കെഎസ്ആര്‍ടിസിയുടെ ഓണദിവസങ്ങളിലെ വരുമാനം 36.47 കോടി രൂപയായിരുന്നു. എന്നാല്‍ ഇത്തവണ പത്തുകോടിയിലേറെ വരുമാനവര്‍ദ്ധനയുണ്ടാക്കാന്‍ സാധിച്ചുവെന്നതാണ് കെഎസ്ആര്‍ടിസിയുടെ നേട്ടം.
മാനേജ്മെന്റ് നടത്തിയ പരിഷ്‌ക്കാരങ്ങളാണ് കൂടുതല്‍ വരുമാനം നേടിക്കൊടുത്തത്. പരമാവധി ബസുകള്‍ ഓണദിവസങ്ങളില്‍ പുറത്തിറക്കുകയും ജീവനക്കാരുടെ അവധി കുറച്ചുമാണ് സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കിയത്. ഓണത്തിരക്ക് നേരിടാന്‍ കൃത്യമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആര്‍ടിസി നടത്തിയത്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തി. തിരുവനന്തപുരത്ത് നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ബംഗളുരു ഉള്‍പ്പടെയുള്ള അന്തര്‍ സംസ്ഥാന റൂട്ടുകളിലും പരമാവധി സര്‍വ്വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് സാധിച്ചു. ഇതിനായി വിപുലമായ പദ്ധതികള്‍ നേരത്തെ തയ്യാറാക്കി നടപ്പാക്കാന്‍ മാനേജ്മെന്റിന് സാധിച്ചു. ഓണക്കാലത്തെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി ഓപ്പറേറ്റിങ് വിഭാഗത്തിലെ ജീവനക്കാരുടെ അവധി നിയന്ത്രിച്ചിരുന്നു. ബസിലെ ജീവനക്കാരുടെ അവധിയും നിയന്ത്രിച്ചിരുന്നു. ഇതുകൊണ്ടാണ് കൂടുതല്‍ ഷെഡ്യൂളുകള്‍ നടത്താന്‍ സാധിച്ചത്. കൂടുതല്‍ യാത്രക്കാരുള്ള റൂട്ടുകള്‍ കണ്ടെത്തി പരമാവധി സര്‍വ്വീസുകള്‍ നടത്താനും കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് സാധിച്ചു.
കെഎസ്ആര്‍ടിസി ഓണക്കാലത്ത് പതിവില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ സര്‍വ്വീസുകള്‍ പ്രത്യേകമായി ഓപ്പറേറ്റ് ചെയ്തു. പ്രധാന ഡിപ്പോകളായ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവ കേന്ദ്രീകരിച്ചാണ് സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തിയത്. ഈ നഗരങ്ങളില്‍നിന്ന് കേരളത്തിന്റെ തെക്കുഭാഗത്തേക്കും വടക്ക് ഭാഗത്തേക്കും തിരിച്ചും യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ ഓടിച്ചു. ഇതിനായി കെയുആര്‍ടിസി എസി ലോഫ്ലോര്‍ ബസുകളും ഉപയോഗിച്ചു. പ്രധാന അന്തര്‍സംസ്ഥാന റൂട്ടുകളായ ബംഗളുരു, മംഗളുരു, നാഗര്‍കോവില്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും കെഎസ്ആര്‍ടിസി പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ അധിക സര്‍വ്വീസുകള്‍ ഓടിച്ചിരുന്നു. ഓണം അവധി ദിവസങ്ങളില്‍ കേരളത്തിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ ഇത്തവണ കെഎസ്ആര്‍ടിസിക്ക് സാധിച്ചു.
എല്ലാ അവധിക്കാലങ്ങളിലും ഒട്ടേറെ പരാതികള്‍ക്കിടയാക്കുന്ന കംപ്യൂട്ടര്‍ റിസര്‍വ്വേഷന്‍ സംവിധാനം കാര്യക്ഷമമാക്കിയതാണ് കെഎസ്ആര്‍ടിസിക്ക് നേട്ടമായ മറ്റൊരു കാര്യം. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ റിസര്‍വ്വേഷന്‍ സംവിധാനം തകരാറിലാകുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്തവണ ചീഫ് ഓഫീസ് കേന്ദ്രീകരിച്ച് റിസര്‍വ്വേഷന്‍ സംവിധാനം കുറ്റമറ്റതാക്കി. ബോര്‍ഡിങ് പോയിന്റുകള്‍ സംബന്ധിച്ച പരാതികളും ഏറെക്കുറെ പരിഹരിച്ചാണ് റിസര്‍വ്വേഷന്‍ സൈറ്റ് ഒരുക്കിയത്. ഇതിന്റെ ഫലമായി റിസര്‍വ്വേഷന്‍ കാര്യക്ഷമമാകുകയും ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കകം തിരക്കേറിയ ദിവസങ്ങളിലെ ടിക്കറ്റുകള്‍ വിറ്റുപോകുകയും ചെയ്തു. ഇതും കെഎസ്ആര്‍ടിസിയുടെ വരുമാനവര്‍ദ്ധനയ്‌ക്ക് പ്രധാന കാരണമായി.
തിരക്കേറിയ ഓണംദിവസങ്ങളില്‍ ടിക്കറ്റ് പരിശോധന കാര്യക്ഷമമാക്കാന്‍ നടത്തിയ മുന്നൊരുക്കങ്ങളും ഫലം കണ്ടു. പരമാവധി ചെക്കിങ് ഇന്‍സ്‌പെക്‌ടര്‍മാര്‍ ബസുകളില്‍ പരിശോധന നടത്തി. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍നിന്ന് 500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ടിക്കറ്റ് പരിശോധന ഫലപ്രദമാക്കാന്‍ കൂടുതല്‍ ജീവനക്കാരെ രംഗത്തിറക്കിയിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ തുടര്‍ച്ചയായ നടപടികളാണ് സര്‍ക്കാരും മാനേജ്മെന്റും കൈക്കൊള്ളുന്നത്. ഓണക്കാലത്ത് വരുത്തിയ ക്രമീകരണങ്ങളും ഇതിന്റെ ഭാഗമായാണ്. പ്രധാനമായും ജീവനക്കാരുടെ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം ഒഴിവാക്കി, പരമാവധി ജീവനക്കാരെ ഡ്യൂട്ടിയില്‍ കൊണ്ടുവന്നും, നഷ്‌ടം നേരിടുന്ന റൂട്ടുകള്‍ പുനഃക്രമീകരിച്ചുമുള്ള പരിഷ്‌ക്കാരങ്ങളുമാണ് ഇപ്പോള്‍ നടത്തുന്നത്. നേരത്തെ കെഎസ്ആര്‍ടിസിയെക്കുറിച്ച് പഠിച്ച സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ പരിഷ്‌ക്കാരങ്ങള്‍ നടത്തുന്നത്. ധനകാര്യവകുപ്പും ഗതാഗതവകുപ്പും കെഎസ്ആര്‍ടിസി മാനേജ്മെന്റും ചേര്‍ന്നാണ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam