പികെ ശശിക്കെതിരെ നിയമപടി സ്വീകരിക്കുമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബു.പാര്‍ട്ടി വിട്ട പികെ ശശിക്ക് തിരിച്ചുവരാൻ അവസരമുണ്ട്. അങ്ങനെയൊരു ചിന്ത ശശിയുടെ മനസിൽ രൂപപ്പെടുമെന്ന് തന്നെയാണ് കരുതുന്നതെന്നും സുരേഷ് ബാബു പറഞ്ഞു.

പാലക്കാട്: സിപിഎം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച പികെ ശശിക്കെതിരെ നിയമപടി സ്വീകരിക്കുമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബു. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് പികെ ശശി ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ചര്‍ച്ച ചെയ്തശേഷം അന്തിമ തീരുമാനം എടുക്കും. പികെ ശശിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാൻ വൈകിപോയെന്ന് തോന്നുന്നില്ല. അത് ഏറ്റവും അവസാന നടപടിയാണ്. സ്പിരിറ്റ് എന്ന വാക്ക് ഉപയോഗിച്ച് എത്ര ആക്രമിച്ചാലും തന്നെ ബാധിക്കില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അത് ഒന്നും പൊതുജീവിതത്തെ ബാധിക്കില്ല. ആരോപണം ഉന്നയിച്ചവർ തെളിവുകൾ പുറത്തുവിടണം. തന്‍റെ ജീവിതം എല്ലാവർക്കും അറിയുന്നതാണെന്നും ശശിയുടെ ആരോപണങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഇഎൻ സുരേഷ്ബാബു പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയും അടൂർ പ്രകാശും വി ഡി സതീശനും പി കെ ശശിയുടെ തീവ്രത അളക്കട്ടെ. അത് രാഹുൽ മാങ്കൂട്ടത്തിന്റെ മുകളിൽ വരുമോ എന്ന് അപ്പോൾ അറിയാം. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തുവിടട്ടെ. കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ വ്യക്തികള്‍ക്ക് പ്രധാന്യമില്ല. തെറ്റ് തിരുത്താൻ പാർട്ടി തല നടപടിയാണ് സ്വീകരിക്കുക. പൊലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുക്കുകയല്ല ചെയ്യുന്നത്. സ്വയം നശിക്കുക എന്ന വാശിയിൽ പാർട്ടിയിലെ ഒരാൾ പോയാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. 

പാര്‍ട്ടി വിട്ട പികെ ശശിക്ക് തിരിച്ചുവരാൻ അവസരമുണ്ട്. അങ്ങനെയൊരു ചിന്ത ശശിയുടെ മനസിൽ രൂപപ്പെടുമെന്ന് തന്നെയാണ് കരുതുന്നത്. വിശാഖപട്ടണത്ത് വെച്ച് സിഐടിയു സമ്മേളന വേദിയിൽ വെച്ച് പി.കെ. ശശിയുടെ ആവശ്യപ്രകാരം ചർച്ച നടത്തിയിരുന്നു. അതിനുശേഷം പി.കെ. ശശി പാർട്ടി വിടില്ല എന്നാണ് തോന്നിയത്. പിന്നെ എന്തു സംഭവിച്ചു എന്നറിയില്ലെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളിൽ തെളിവ് പുറത്തു വിടാനും ശശിയെ ഇഎൻ സുരേഷ്ബാബു വെല്ലുവിളിച്ചു.

YouTube video player