
തിരുവനന്തപുരം: പട്ടയം പുതുക്കി കിട്ടാത്തതിനാൽ പൊളിഞ്ഞ് വീഴാറായ വീട്ടിൽ ദുരിതജീവിതം നയിക്കുകയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി ഉഷയും മക്കളും. വീടിനായി സർക്കാർ അനുവദിച്ച ഫണ്ടും ഇതോടെ നഷ്ടമാവുമോ എന്ന ഭയത്തിലാണ് ഉഷ.
പൊളിഞ്ഞ് വീഴാറായ വീട്ടിൽ എങ്ങനെ കഴിയുന്നുവെന്ന് വിശദീകരിച്ചാൽ പോലും അധികമാവും. അച്ഛന്‍റെ മരണാനന്തരം കൈതക്കുഴി കോളനിയിലുള്ള ഭൂമിയുടെ പട്ടയം സ്വന്തം പേരിലാക്കാൻ ഒരുവർഷമായി താലുക്കാഫീസും വില്ലേജും പഞ്ചായത്തുമൊക്കെ ഒറ്റയ്ക്ക് കയറി ഇറങ്ങുകയാണ് ഉഷ.
വിദ്യാർഥികളായ മക്കൾ മാത്രമാണ് കൂട്ട്. വീടിന്‍റെ ശോചനീയാവസ്ഥയൊക്കെ ജില്ലാ കളക്ടറടക്കം എല്ലാവരെയും ബോധ്യപ്പെടുത്തി. വീട് പുതുക്കി പണിയാൻ പണം അനുവദിച്ചെങ്കിലും സ്വന്തം പേരിൽ പട്ടയമില്ലാതെ അതും കിട്ടില്ല.
തഹസിൽദാർ കൺവീനറായ അസൈൻമെന്‍റ് കമ്മറ്റി യോഗം ചേർന്നാൽ പട്ടയം മാറ്റിക്കൊടുക്കാമെന്നാണ് ഏറ്റവുമൊടുവിൽ താലൂക്കിൽ നിന്നുള്ള വിശദീകരണം.യോഗം എന്ന് ചേരുമെന്ന് പക്ഷെ ചോദിക്കരുത്.ഓരോ ഫയലും ഓരോ ജീവിതമെന്ന് പറഞ്ഞ് അധികാരമേറ്റ സർക്കാർ കാണണം ഉഷയെപോലുള്ളവരെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam