തന്തൂരി കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സുശീൽ ശർമ്മയെ ഉടൻ വിട്ടയക്കണമെന്ന് കോടതി

By Web TeamFirst Published Dec 21, 2018, 9:11 PM IST
Highlights

1995ല്‍ ഭാര്യ നൈന സാഹ്നിയെ കൊന്ന ശേഷം തന്തൂരി അടുപ്പിലിട്ട് ചുട്ടു കൊന്ന കേസിലെ പ്രതിയാണ് സുശീല്‍ ശര്‍മ്മ. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഒരാളെ അനന്തമായി തടവിൽ വയ്ക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു. ഈ ആഴ്ച ആദ്യമായിരുന്നു കോടതിയുടെ നിരീക്ഷണം. 

ദില്ലി: തന്തൂരി കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് രണ്ട് പതിറ്റാണ്ടായി ജയിലില്‍ കഴിയുന്ന സുശീല്‍ ശര്‍മ്മയെ ഉടന്‍ മോചിപ്പിക്കണമെന്ന് ദില്ലി ഹൈക്കോടതി. 1995ല്‍ ഭാര്യ നൈന സാഹ്നിയെ കൊന്ന ശേഷം തന്തൂരി അടുപ്പിലിട്ട് ചുട്ടു കൊന്ന കേസിലെ പ്രതിയാണ് സുശീല്‍ ശര്‍മ്മ. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഒരാളെ അനന്തമായി തടവിൽ വയ്ക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു. ഈ ആഴ്ച ആദ്യമായിരുന്നു കോടതിയുടെ നിരീക്ഷണം. 

യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ നേതാവായിരുന്ന സുശീൽ ശര്‍മ്മ (56) 1995 മുതൽ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ശിക്ഷ കാലാവധിയെക്കാളും കൂടുതൽ സുശീൽ ശർമ്മ ജയിൽ കഴിഞ്ഞതായി ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. കേസില്‍ ശിക്ഷയായി വിധിച്ച പിഴ ഒടുക്കുകയും ഇരുപതു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയുമാണ് ഇയാള്‍. കൊലപാതകം എന്നത് ക്രൂരതയാണ്. അതിനുള്ള ശിക്ഷ ഇയാള്‍ അനുഭവിച്ചു കഴിഞ്ഞു. ഇനിയും തടവിലിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. 

അതിക്രൂരമായ കൊലപാതകമായതുകൊണ്ട് മാത്രം ഇയാളെ വിട്ടയ്ക്കാനാവില്ലെന്ന് സെന്റന്‍സ് റിവ്യൂ ബോര്‍ഡിന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരാളെ അനന്തമായി ജയിലിലിടാന്‍ അധികാരികൾ അനുവദിക്കുകയാണെങ്കിൽ, കൊലപാതകം ചെയ്ത ഒരാളും പിന്നീട് പുറത്തുവരില്ലല്ലോയെന്നും കോടതി ചോദിച്ചു. 

1995ലാണ് സുശീല്‍ ശർമ്മ ഭാര്യ നൈന സാഹ്നിയെ വെടിവെച്ച് കൊന്നത്. അവിഹിത ബന്ധം ആരോപിച്ചായിരുന്ന ഇയാൾ ഭാര്യയെ കൊന്നത്.  കൊലപാതകത്തിന് ശേഷം ശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കി ഒരു റെസ്റ്റോറന്റിലെ തന്തൂരി അടുപ്പിലിട്ട് ചുടുകയും ചെയ്തു. ഡിഎന്‍എ തെളിവായി സ്വീകരിച്ചും പോസ്റ്റ്‌മോര്‍ട്ടം രണ്ടാമത് ചെയ്തും തെളിയിച്ച കേസാണ് തന്തൂരി കൊലക്കേസ്. 

2007ൽ കീഴ്ക്കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും 2013ൽ സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. സുശീല്‍ ശർമ്മ ഭാര്യയെ കൊന്നതിനോ തന്തൂരി അടുപ്പിൽ വച്ച് ചുട്ടതിനോ തെളിവു‌കൾ ഇല്ലെന്നാണ് കാട്ടിയാണ് കോടതി അന്ന് അയാളുടെ ശിക്ഷ ഇളവ് ചെയ്തത്.

click me!