പത്മാവത് റിലീസ് ചെയ്യാന്‍ അനുമതി; വിധി എല്ലാ സംസ്ഥാനങ്ങളും പാലിക്കണം

By Web DeskFirst Published Jan 23, 2018, 12:11 PM IST
Highlights

ദില്ലി: ബോളിവുഡ് സിനിമ പത്മാവതിന്‍റെ റിലീസിന് സുപ്രീംകോടതിയുടെ അനുമതി. സുരക്ഷാപ്രശ്നം ഉയര്‍ത്തി സംസ്ഥാനത്ത് സിനിമ വിലക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ്-രാജസ്ഥാൻ സര്‍ക്കാരുകൾ നൽകിയ ഹര്‍ജി കോടതി തള്ളി. സിനിമ ഇഷ്ടമില്ലെങ്കിൽ കാണേണ്ടെന്നും ഇതിന്‍റെ പേരിൽ പ്രദര്‍ശനം വിലക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി

പത്മാവത് സിനിമയ്ക്ക് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് റദ്ദാക്കിയ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന രാജസ്ഥാൻ-മധ്യപ്രദേശ് സര്‍ക്കാരുകൾ നൽയ ഹര്‍ജി സുപ്രീംകോടതി തള്ളി. സുരക്ഷ ഒരുക്കുന്നതിൽ രാജസ്ഥാൻ-മധ്യപ്രദേശ് സര്‍ക്കാരുകൾ നിസ്സാഹയരാണെന്നാണ് ഹര്‍ജിയിലൂടെ വ്യക്തമാകുന്നത്. സുരക്ഷ സംസ്ഥാനങ്ങളുടെ ചുമതലയാണ്. സിനിമയ്ക്കെതിരെ നൂറും ഇരുന്നൂറും ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. വിലക്ക് ഏര്‍പ്പെടുത്തിയാൽ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കുമെന്നും സുപ്രീംകോടതി പറ‌ഞ്ഞു. സിനിമ ചരിത്രം വളച്ചൊടിച്ചതാണെന്ന വാദം നിലനിൽക്കില്ല. 

ചരിത്രവുമായി ബന്ധമില്ലാത്ത സിനിമയാണെന്ന് സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുതിക്കാണിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. അതിനിടെ ഗുജറാത്തിൽ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് പട്ടേൽ നേതാവ് ഹാര്‍ദ് പട്ടേൽ മുഖ്യന്ത്രി വിജയ് രൂപാണിയ്ക്ക് കത്തയച്ചു. ഗുജറാത്തിൽ ക്രമസമാധാന പ്രശ്നങ്ങളുള്ള സ്ഥലങ്ങളിൽ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകൾ അറിയിച്ചു. പത്മാവത് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ ഖട്ടാറിന്‍റെ പ്രതികരണം.

click me!