
തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്‌കൂൾ അധികൃതരാണ് യൂണിഫോമിനൊപ്പം തട്ടമിട്ട് വരരുതെന്ന നിർദ്ദേശം കുട്ടികൾക്ക് നൽകിയത്. മുസ്ലിം വിശ്വാസികളായ പെൺകുട്ടികൾ തലയിൽ തട്ടവും ഫുൾ സ്ലീവ് ടോപ്പും ഉപയോഗിച്ച് സ്‌കൂളിലെത്തുന്നത് സ്‌കൂൾ യൂണിഫോമായി അംഗികരിക്കാനാകില്ലെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.
രക്ഷിതാക്കൾ ഇത് ചോദ്യം ചെയ്‌തെങ്കിലും മാനേജ്‌മെന്റ് നിലപാടിലുറച്ചുനിന്നു. അതിനിടയിലാണ് രണ്ട് മുസ്ലിം പെൺകുട്ടികളുടെ പേരിൽ അവരുടെ വീട്ടുകാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. മതവിശ്വാസവും ചിഹ്നങ്ങളും മൗലികാവകാശമാണെന്ന വാദമായിരുന്നു ഇവർ ഉയർത്തിയത്. മതത്തിൽ അടിയുറച്ച് വിശ്വസിക്കുന്നതിനാൽ മത വിശ്വാസ പ്രകാരമുള്ള വസ്ത്രം എവിടെയും ധരിക്കാം എന്നും ഇവർ വാദിച്ചു.
എന്നാൽ വിദ്യാർഥികളുടെ യൂണിഫോം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മാനേജ്‌മെന്റാണെന്നായിരുന്നു ഹർജി പരിഗണിച്ച ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പ്രസ്താവിച്ചത്. തട്ടം അടക്കമുളള മതചിഹ്നങ്ങൾ സ്‌കൂളിൽ അനുവദിക്കണമെന്ന് സ്വകാര്യ മാനേജ്‌മെന്റുകളോടെ നിർദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങൾ നിർദേശിക്കുന്ന ഡ്രസ്‌കോഡിൽ ഇടപെടാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. സ്‌കൂൾ മാനേജ്‌മെന്റുകളാണ് സ്വകാര്യ സ്‌കൂളുകളിലെ യൂണിഫോം തീരുമാനിക്കുന്നത്. തട്ടവും ഫുൾ സ്ലീവും യൂണിഫോമായി കൂട്ടാനാകില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നതെങ്കിൽ അത് അംഗീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam