ഭാര്യയുടെ മൃതശരീരവും ചുമന്ന് നടന്ന മാജിയെ ഓര്‍മ്മയില്ലേ; ഇന്ന് ലക്ഷപ്രഭുവാണ്, വിവാഹവും കഴിഞ്ഞു

Published : Aug 26, 2017, 03:47 PM ISTUpdated : Oct 04, 2018, 05:55 PM IST
ഭാര്യയുടെ മൃതശരീരവും ചുമന്ന് നടന്ന മാജിയെ ഓര്‍മ്മയില്ലേ; ഇന്ന് ലക്ഷപ്രഭുവാണ്, വിവാഹവും കഴിഞ്ഞു

Synopsis

മനഃസാക്ഷിയുള്ള ആരുടെയും അകംപൊള്ളിച്ച ആ കാഴ്​ച എങ്ങനെ മറക്കാനാകും. ആശുപത്രിയിൽ മരിച്ച ഭാര്യയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി ചുമലിൽ ഏറ്റി കിലോമീറ്ററുകളോളം നടന്ന ധന മാജിയും ഒപ്പം ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടുള്ള മകളുടെയും ചിത്രം എത്രകാലം കഴിഞ്ഞാലും മായ്​ച്ചുകളയാൻ കഴിയില്ല. ആശുപത്രി അധികൃതർ വാഹനം നിഷേധിച്ചതിനെ തുടർന്ന്​ ഭാര്യയുടെ ജീവനറ്റ ശരീരവുമായി റോഡിലൂടെ നടന്നുനീങ്ങുന്ന മാജിയും മകളും ഇന്ത്യയിലെ പാവപ്പെട്ടവൻ്റെ നേർചിത്രം ലോകത്തിന്​ മുന്നിൽ വരച്ചുകാട്ടുന്നത്​ കൂടിയായിരുന്നു.

കരളലയിക്കുന്ന ആ കാഴ്​ച മറഞ്ഞുപോയിട്ട്​ ഒരു വർഷം പിന്നിടു​മ്പോൾ അയാളുടെ ജീവിതത്തിൽ മാറ്റങ്ങളുടെ തിരതള്ളലാണ്​. നൂറുകണക്കിന്​ കാരുണ്യത്തിൻ്റെ സഹായ ഹസ്​തങ്ങളാണ്​ ലോകത്തി​ൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ആ ഗ്രാമീണന്​ നേരെ നീണ്ടത്​. ഇപ്പോൾ ലക്ഷപ്രഭുവാണ് ധന മാജി. 37 ലക്ഷ​ത്തിൽപരം രൂപയാണ്​ അദ്ദേഹത്തിന്​ സംഭാവനയായി ലഭിച്ചത്​. മൂന്ന്​ പെൺകുട്ടികൾക്കും ഭുവനേശ്വറിലെ ട്രൈബൽ സ്​കൂളിൽ പ്രവേശനവും ലഭിച്ചു.

ഹൃദയം പിളരുന്ന ആ ചിത്രം കണ്ട്​ ലോകത്തി​ൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ പോലും സഹായങ്ങൾ എത്തി. ഒഡീഷ സർക്കാർ ഇദ്ദേഹത്തിന്​ ഇന്ദിരാ ആവാസ്​ യോജന പദ്ധതിക്ക്​ കീഴിൽ വീടുവെച്ചുനൽകി. ബഹ്​റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ ഖലീഫ ഒമ്പത്​ ലക്ഷം രൂപയുടെ ചെക്കാണ്​ സമ്മാനിച്ചത്​. സുലഭ ഇൻ്റർനാഷനൽ വഴി ലഭിച്ചത്​ അഞ്ച്​ ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമായിരുന്നു. പ്രശസ്​തമായ കലിംഗ ഇൻസ്​റ്റിറ്റ്യൂ ട്ട്​ ഓഫ്​ സോഷ്യൽ സയൻസസ്​ സ്​ഥാപകൻ ത​ൻ്റെ സ്​കൂളിൽ മാജിയുടെ മൂന്ന്​ മക്കൾക്കും പ്രവേശനം നൽകി. 

ഏതാനും മാസങ്ങൾക്ക്​ മുമ്പ്​ മാജി മൂന്നാമതും വിവാഹിതനായി. ക്ഷയരോഗിയായിരുന്ന മാജിയുടെ ഭാര്യ കഴിഞ്ഞ വർഷം ആഗസ്​റ്റ്​ 24ന്​ രാത്രിയാണ്​ ഭാവനിപാറ്റ്​നയിലെ ജില്ലാ ആശുപത്രിയിൽ  അന്ത്യശ്വാസം വലിച്ചത്​. മൃതദേഹം കൊണ്ടുപോകാൻ വാഹനം ഒരുക്കിനൽകുന്നതിൽ ആശുപത്രി അധികൃതർ പരാജയപ്പെട്ടതോടെ പഴയ ഷീറ്റിൽ പൊതിഞ്ഞുകെട്ടി ചുമലിലേറ്റുകയായിരുന്നു മാജി. മൃതദേഹവുമായി 60 കിലോമീറ്റർ കാൽനടയായി താണ്ടുന്ന മാജിയുടെയും കരഞ്ഞുതളർന്ന 12കാരി മകളുടെയും ചിത്രമാണ്​ ആ ജീവിതം മാറ്റിമറിച്ചത്​.

മൃതദേഹം കൊണ്ടുപോകാൻ ഒരു വാഹനത്തിനായി താൻ ആശുപത്രി അധികൃതരോട്​ കെഞ്ചിയെന്ന്​ മാജി പറയുന്നു. ഒരാൾ പോലും സഹായിച്ചില്ല. അങ്ങനെയാണ്​ ചുമലിലേറ്റി നടക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. പത്ത്​ കിലോമീറ്ററോളം പിന്നിട്ടപ്പോൾ ഏതാനും പ്രാ​ദേശിക ലേഖകർ ഈ കാഴ്​ച കാണുകയും ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും ചെയ്​തു. തുടർന്ന്​ ഒരുക്കിയ വാഹനത്തിലാണ്​ ബാക്കി ദൂരം യാത്ര പൂർത്തിയാക്കിയത്​. തൻ്റെ ഗ്രാമത്തിലേക്ക്​ ​സർക്കാറി​ൻ്റെ ശ്രദ്ധപതിയണമെന്നാണ്​ മാ​ജിയുടെ ആവശ്യം.

മാജിയുടെ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ വന്നെങ്കിലും അയാളുടെ മക്കൾ ഇപ്പോഴും തങ്ങളുടെ അമ്മയുടെ നഷ്ടം വരുത്തിയ ദു:ഖത്തിൽ നിന്നും  മുക്തി നേടിയിട്ടില്ല. മാത്രമല്ല അച്ഛൻ്റെ പുതിയ ഭാര്യയുമായി ഒത്തുപോകാൻ സാധിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. അച്ഛൻ പുതിയ വിവാഹം കഴിച്ചതോടെ ഇടയ്ക്കിടയ്ക്കു മാത്രമാണ് ഞങ്ങളെ കാണാൻ വരുന്നത്. പുതിയ അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കുന്നത്‌ പോലും ഇഷ്ടമല്ലയെന്നും മാജിയുടെ മൂത്ത മകൾ ചാന്ദ്‌നി പറയുന്നു.

അവധിക്ക് വീട്ടിൽ എത്തിയ മക്കൾക്ക് രണ്ടാനമ്മയുമായി ഒത്തുപോകാൻ കഴിയാതെ വന്നതോടെ അച്ഛൻ അവരെ  അമ്മാവൻ്റെ വീട്ടിലേക്ക് അയച്ചു.  അച്ഛൻ  സന്തോഷമായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ ഞങ്ങളെ കൃത്യമായി കാണാനും വരണമെന്നും  ചാന്ദ്‌നി പറയുന്നു. അമ്മയുടെ മൃതദേഹം ചുമന്ന് അച്ഛൻ നടക്കുന്നതിനൊപ്പം അലമുറയിട്ട് കരഞ്ഞ ഒരു മകൾക്ക് ഇതിൽ കൂടുതൽ എന്ത് ആഗ്രഹമാണുളളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്